കമൽഹാസന്റെ നാവരിയണമെന്ന പാരാമർശം; തമിഴ്നാട് മന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി മക്കള്‍ നീതി മയ്യം

By Web TeamFirst Published May 21, 2019, 10:11 PM IST
Highlights

മാനനഷ്ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ നേതാക്കൾ ആവശ്യപ്പെടുന്നു.

ചെന്നൈ: കമൽഹാസന്റെ നാവരിയണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മക്കള്‍ നീതി മയ്യം. മന്ത്രിക്കെതിരെ പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എ അരുണാചലം എന്നിവരാണ് പരാതിയുമായി പൊലീസ് കമ്മീഷണറെ സമീപിച്ചത്. ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസന്റെ പരാമർശത്തിന് പിന്നാലെയായിരുന്നു രാജേന്ദ്രയുടെ പ്രസ്താവന.
 
മാനനഷ്ടത്തിനും സമാധാനം ലംഘിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കിയതിനും ബാലാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ നേതാക്കൾ ആവശ്യപ്പെടുന്നു.

മെയ് 13 ന് അരവകുറിച്ചി ലോക്സഭാ മണ്ഡലത്തില്‍ നടന്ന റാലിയിലാണ് രാജേന്ദ്ര ബാലാജി കമല്‍ഹാസനെതിരെ ഭീഷണി മുഴക്കിയത്. 'കമൽഹാസന്റെ നാവ് മുറിക്കണം. അയാൾ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസൽമാനെന്നോ ഇല്ല', എന്നായിരുന്നു രാജേന്ദ്രയുടെ പരാമർശം.

ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടിയാണ് കമൽഹാസന്റെ ഈ പ്രസ്താവനയെന്ന് ബാലാജി വിമർശിച്ചു. വിഷം വമിപ്പിക്കുന്ന നേതാവാണ് കമൽഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!