വെച്ചൂർ പശുവിനെ കുളിപ്പിക്കാൻ സമയം കിട്ടിയിട്ട് രണ്ടുമാസമായി: ടി എൻ പ്രതാപൻ

By Web TeamFirst Published May 21, 2019, 9:53 PM IST
Highlights

രാജ്യത്തിന്‍റെ തലവര അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊടും ചൂടിൽ നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സ്ഥാനാർത്ഥികൾ എവിടെയായിരുന്നു. കൂട്ടലും കിഴിക്കലുമായി കഴിയുകയായിരുന്നോ നേതാക്കൾ ? കേൾക്കാം ആ യമണ്ടൻ വോട്ടുകഥകൾ.

തൃശ്ശൂർ: ശക്തമായ ത്രികോണ മത്സരമായിരുന്നു ഇക്കുറി തൃശ്ശൂരിൽ. പ്രചാരണച്ചൂടിൽ നിന്ന് യുഡിഎഫ് സ്ഥാനാ‍ർത്ഥി ടി എൻ പ്രതാപൻ പോയത് എങ്ങോട്ടായിരുന്നു? എങ്ങും പോയില്ലെന്ന് പ്രതാപൻ. അത്യാവശ്യം ജൈവകൃഷിയും വെച്ചൂർ പശു പരിപാലനവും പിന്നെ പൂരവും ഒക്കെയായി വീട്ടിലും തൃശ്ശൂരും തന്നെയുണ്ടായിരുന്നു.

യമണ്ടൻ വോട്ടുകഥകൾ കേൾക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തുമ്പോൾ പതിവ് വേഷമായ തൂവെള്ള ഖദറുടുപ്പിലും മുണ്ടിലുമല്ലായിരുന്നു പ്രതാപൻ. വരയൻ ടി ഷർട്ടും ലുങ്കിയുമുടുത്ത് തനി നാടൻ തൃശ്ശൂർക്കാരൻ. വീട്ടിൽ വരുമ്പോൾ ഒരു ഭർത്താവും അച്ഛനും ജൈവ കർഷകനുമൊക്കെയായി മാറുമെന്നും അതിനുചേരുന്ന വസ്ത്രം ഇതാണെന്നും പ്രതാപന്‍റെ വിശദീകരണം.

പ്രചാരണത്തിനിടെ കാലിന് ചെറിയ വേദനയുണ്ടായിരുന്നു. അതിന് ആയുർവേദ ചികിത്സ തേടി. പിന്നീട് പൂരത്തിരക്കിലായി. പാർട്ടി മീറ്റിംഗുകളും മരണവീടുകൾ കല്യാണവീടുകൾ അങ്ങനെ തിരക്കുതന്നെ. ബാക്കി സമയം ജൈവകൃഷിക്കായി ചെലവിടുമെന്ന് പ്രതാപൻ പറയുന്നു. വെച്ചൂർ പശുവിനെ കുളിപ്പിക്കാൻ സമയം കിട്ടുന്നില്ല എന്നാണ് പ്രതാപന്‍റെ വിഷമം.

ഭാര്യ രമ പ്രാതലിന് പൊടിയരിക്കഞ്ഞി ഉണ്ടാക്കി വയ്ക്കും. പ്രചാരണത്തിനിടെയും കഞ്ഞി കൊടുത്തുവിടുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞ് ജനങ്ങൾക്കിടയിലേക്ക് തന്നെ. തെരഞ്ഞെടുപ്പ് തീർന്നിട്ടും പ്രതാപന്‍റെ തിരക്ക് തീർന്നിട്ടില്ലെന്ന് ഭാര്യ രമ. ജനങ്ങൾക്കിടയിൽ നിൽക്കുന്നതാണ് തന്‍റെ റിലാക്സേഷനെന്ന് ടി എൻ പ്രതാപൻ പറഞ്ഞുനിർത്തി.

യമണ്ടൻ വോട്ട് കഥകൾ, ടി എൻ പ്രതാപൻ, വീഡിയോ കാണാം

"

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!