പാര്‍ട്ടി ചിഹ്നത്തിലും ഇനി 'കോണ്‍ഗ്രസ്' ഇല്ല; മാറ്റത്തിന്‍റെ വഴിയില്‍ മമതയുടെ തൃണമൂല്‍

By Web TeamFirst Published Mar 23, 2019, 9:58 AM IST
Highlights

"21 വര്‍ഷങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് തൃണമൂല്‍ ആയിരിക്കുന്നു. ഇത് മാറ്റത്തിന്‍റെ സമയമാണ്. "

കൊല്‍ക്കത്ത: കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് വരെ കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി. തൃണമൂലിന്‍റെ പുതിയ ലോഗോയില്‍ ചിഹ്നത്തിനൊപ്പം തൃണമൂല്‍ എന്ന് മാത്രമേ എഴുതിയിട്ടുള്ളു.

1998ലാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. '21 വര്‍ഷങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് തൃണമൂല്‍ ആയിരിക്കുന്നു. ഇത് മാറ്റത്തിന്‍റെ സമയമാണ്.' തൃണമൂല്‍ നേതാക്കളുടെ പ്രതികരണം ഇങ്ങനെയാണ്.

ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആശയവിനിമയ ഉപാധികളില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ ഒഴിവാക്കിക്കഴിഞ്ഞു. ജോറാ ഘാസ് ഫൂല്‍ എന്ന മൂന്നിളതളുള്ള രണ്ട് പൂക്കളാണ് തൃണമൂലിന്‍റെ ചിഹ്നം. ഇതിനൊപ്പമാണ് ഇത്രയും കാലം തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് എഴുതിച്ചേര്‍ത്തിരുന്നത്. അതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്, ട്വിറ്റര്‍ പേജുകള്‍ മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി തുടങ്ങിയവരുടെ ഫെയ്സ്ബുക്, ട്വിറ്റര്‍ പേജുകള്‍ എന്നിവിടങ്ങളിലെല്ലാം പഴയ ലോഗോയ്ക്ക് പകരം പുതിയ ലോഗോ ഇടംപിടിച്ചുകഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നാമം തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തന്നെയായിരിക്കും. 

click me!