
ഭോപ്പാൽ: ആറാം ഘട്ട വോട്ടെടുപ്പ് നടന്ന മധ്യപ്രദേശിൽനിന്ന് വളരെ പ്രചോദനകരമായ വാർത്തയാണ് പുറത്ത് വരുന്നത്. വോട്ട് ചെയ്യുക എന്ന അവകാശം നഷ്ടപ്പെടുത്താതെ വേണ്ടവിധം ഉപയോഗിച്ച് സോഷ്യൽമീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ഒരു യുവാവ്. പിതാവിന്റെ സംസ്‌കാരച്ചടങ്ങ് കഴിഞ്ഞ് നേരെ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയ യുവാവിനാണ് സോഷ്യൽമീഡിയ ഒന്നടകം കയ്യടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം.
പിതാവിന്റെ അവസാനത്തെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി ധരിച്ച വസ്ത്രം പോലും മാറ്റാതെയാണ് യുവാവ് പോളിങ് ബൂത്തിലെത്തിയത്. വാർത്ത ഏജൻസിയായ എഎൻഐയാണ് വെള്ള വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയ യുവാവിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്.