അന്ന് മോദിയെക്കാണാന്‍ കിലോമീറ്ററുകള്‍ നടന്നു; ഇന്ന് കോണ്‍ഗ്രസിന്‍റെ ലോക്സഭാസ്ഥാനാര്‍ത്ഥി!!

By Web TeamFirst Published Mar 23, 2019, 3:22 PM IST
Highlights

മോദിയെ നേരില്‍ക്കാണാന്‍ 71 ദിവസങ്ങള്‍ കൊണ്ട് 1500ലധികം കിലോമീറ്റര്‍ ദൂരമാണ് ബിശ്വാള്‍ നടന്നത്.

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാണാന്‍ 71 ദിവസം തുടര്‍ച്ചയായി കാല്‍നടയായി സഞ്ചരിച്ചതാണ്  മുക്തികാന്ത ബിശ്വാള്‍ എന്ന 31കാരനെ കഴിഞ്ഞ വര്‍ഷം വാര്‍ത്തയിലെ താരമാക്കിയത്. ഒരു വര്‍ഷത്തിനു ശേഷം ബിശ്വാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി എന്ന ലേബലിലാണ്!

മോദിയെ നേരില്‍ക്കാണാന്‍ 71 ദിവസങ്ങള്‍ കൊണ്ട് 1500ലധികം കിലോമീറ്റര്‍ ദൂരമാണ് ബിശ്വാള്‍ നടന്നത്. ത്രിവര്‍ണ പതാകയും മോദിയുടെ കൂറ്റന്‍ ചിത്രവും കയ്യില്‍ പിടിച്ചായിരുന്നു ബിശ്വാളിന്‍റെ യാത്ര. റൂര്‍ക്കലയിലുള്ള ഇസ്പാത് ജനറല്‍ ആശുപത്രി നവീകരിക്കണമെന്ന ആവശ്യമുന്നയിക്കാനാണ് ബിശ്വാള്‍ മോദിയെ നേരില്‍ക്കാണാന്‍ ആഗ്രഹിച്ചത്.  മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രിയായി ഇസ്പാതിനെ മാറ്റാമെന്ന് മോദി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു ബിശ്വാളിന്‍റെ വാദം. 

എന്തായാലും അന്നത്തെ യാത്ര ലക്ഷ്യത്തിലെത്തിയില്ല. ഡല്‍ഹിയിലെത്തും മുന്പേ ബിശ്വാള്‍ റോഡില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബിശ്വാള്‍. 

ബിശ്വാളിന്‍റെ സാന്നിധ്യം മാത്രമല്ല ഒഡീഷയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയെ ചര്‍ച്ചാവിഷയമാക്കുന്നത്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡേയുടെ ഭാര്യ ശുഭശ്രീ പാണ്ഡേ, മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന സംഗ്രാഹ് മൊഹന്തി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. 

click me!