മഞ്ചേശ്വരത്ത് രവീശ തന്ത്രിയ്‍ക്കെതിരെ കലാപം, പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രാദേശിക നേതൃത്വം

By Web TeamFirst Published Sep 29, 2019, 6:23 PM IST
Highlights

മഞ്ചേശ്വരത്ത് നിഷ്പക്ഷ വോട്ടുകൾ കിട്ടാത്തതാണ് പരാജയകാരണമെന്നും തന്ത്രിയെ ഇറക്കിയാൽ ഒരിക്കലും ബിജെപിയിതര വോട്ടുകൾ കിട്ടില്ലെന്നും കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ. 

കാസർകോട്: മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ പങ്കു വയ്ക്കുന്നത്. 

പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു. 

ഇക്കുറി നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്.  കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന. 

എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. 

ഈ തീരുമാനത്തിൽ ബിജെപിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. കുമ്പള പഞ്ചായത്ത് കമ്മറ്റി പാർട്ടി നേതൃത്വത്തെ എതിർപ്പറിയിച്ചു കഴിഞ്ഞു.  കുമ്പളയിൽ ചേർന്ന നിയോജക മണ്ഡലം കമ്മറ്റിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എൽ ഗണേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. 

2016-ൽ  കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല.  രാജ്‍മോഹൻ ഉണ്ണിത്താൻ 11000 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ ബിജെപിക്ക് 2016-നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രം. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു. എന്നാൽ എല്ലാ വിഭാഗം വോട്ടർമാരെയും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ രവീശ തന്ത്രി പങ്കു വയ്ക്കുന്നത്. 

ഈ പ്രതീക്ഷ വോട്ടാകുമോ? അടുത്ത മാസം 24-ന് വോട്ടെണ്ണുമ്പോഴറിയാം. 

click me!