മാവോയിസ്റ്റ് ഭീഷണി: കൂടുതൽ സുരക്ഷ വേണമെന്ന് തുഷാർ; ഭയമില്ലെന്നും സുരക്ഷ വേണ്ടെന്നും പി പി സുനീർ

By Web TeamFirst Published Apr 13, 2019, 5:04 PM IST
Highlights

മാവോയിസ്റ്റുകൾ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി മനസ്സിലാക്കുന്നു, കൂടുതൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് തുഷാർ വെള്ളാപ്പള്ളി സർക്കാരിന് കത്ത് നൽകി. 

കൽപ്പറ്റ: മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് കൂടുതൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സംസ്ഥാനസർക്കാരിന് കത്ത് നൽകി. തന്നെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സുരക്ഷ പോര. അതിനാൽ കൂടുതൽ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തുഷാർ സംസ്ഥാനസർക്കാരിന് കത്ത് നൽകി. 

എന്നാൽ തനിയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ആവശ്യമില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ വ്യക്തമാക്കി. ഇപ്പോൾ നൽകിയ സുരക്ഷ വേണ്ടെന്നും പി പി സുനീർ അറിയിച്ചു. 

വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. 

സുരക്ഷാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഉടനെ പേഴ്സണല്‍ ഗൺമാന്‍മാരെ നിയമിക്കും. ഇതോടൊപ്പം വനാതിര്‍ത്തികളിലെ പ്രചാരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ജില്ലയില്‍ സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പലയിടത്തും പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് സ്ഥാനാര്‍ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്. 

click me!