ദില്ലിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം; മത്സരം ശക്തമാക്കി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും

By Web TeamFirst Published May 6, 2019, 9:23 AM IST
Highlights

ചാന്ദിനി ചൗക്കിലും, കിഴക്കൻ ദില്ലിയിലും, വടക്ക് കിഴക്കൻ ദില്ലിയിലുമാണ് പ്രധാനമായും ന്യൂനപക്ഷ വോട്ടുള്ളത്. സംസ്ഥാനത്ത് 12 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണ് കോൺഗ്രസ്സിന്റേയും, ആം ആദ്മിയുടേയും ജയസാധ്യതയിൽ നിർണ്ണായകമാവുക.

ദില്ലി: ദില്ലിയിൽ ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുളള മത്സരത്തിലാണ് കോൺഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും. പരമ്പരാഗതമായി കോൺഗ്രസിനെ തുണച്ചിരുന്ന വോട്ടുകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ വൻ തോതിൽ ആം ആദ്മിയിലേക്ക് മറിഞ്ഞിരുന്നു. അതേസമയം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചാൽ 7 സീറ്റിലും ജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ചാന്ദിനി ചൗക്കിലും, കിഴക്കൻ ദില്ലിയിലും, വടക്ക് കിഴക്കൻ ദില്ലിയിലുമാണ് പ്രധാനമായും ന്യൂനപക്ഷ വോട്ടുള്ളത്. സംസ്ഥാനത്ത് 12 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണ് കോൺഗ്രസ്സിന്റേയും, ആം ആദ്മിയുടേയും ജയസാധ്യതയിൽ നിർണ്ണായകമാവുക.

ചാന്ദിനി ചൗക്കിലോ, വടക്ക് കിഴക്കൻ ദില്ലിയിലോ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് മുതിർന്ന 5 കോൺഗ്രസ് നേതാക്കൾ രാഹുലിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിലുണ്ടായ നീരസം കോൺഗ്രസിന് വെല്ലുവിളിയാണ്.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 56 ശതമാനം മുസ്ലീം വോട്ടുകളും കിട്ടിയത് കേജ്‍രിവാളിനെന്നാണ് സ്വതന്ത്ര ഏജൻസിയുടെ പഠന റിപ്പോർട്ട്. കോൺഗ്രസ്സിന് കിട്ടിയതാകട്ടെ 39 ശതമാനം മാത്രമാണ്. ബിജെപി വോട്ട് 2 ശതമാനത്തിലൊതുങ്ങിയിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോൾ ആം ആദ്മിയുടെ വോട്ടുവിഹിതം 77 ശതമാനത്തിലേക്ക് ഉയർന്നപ്പോള്‍ നഷ്ടമുണ്ടായത് കോൺഗ്രസ്സിനായിരുന്നു. 

മോദിക്ക് മറുമരുന്നായി രാഹുലിനെ കണ്ട്, പരമ്പരാഗത വോട്ടുകൾ തിരിച്ചെത്തുമെന്ന് കോൺഗ്രസ് കരുതുന്നു. എന്നാല്‍ കോൺഗ്രസ്സിന് നൽകുന്ന വോട്ട്, മോദിക്ക് ചെയ്യുന്നതു പോലെയെന്ന പ്രചാരണം കടുപ്പിച്ച് വോട്ടിലെ വിള്ളൽ തടയാൻ ആം ആദ്മിയും ശ്രമിക്കുന്നുണ്ട്.

click me!