കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതം; അവജ്ഞയോടെ തള്ളിക്കളയുന്നു: എം കെ രാഘവൻ

By Web TeamFirst Published Apr 19, 2019, 9:56 PM IST
Highlights

തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എം കെ രാഘവൻ

കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ  കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്  രാഷ്ട്രീയ പ്രേരിതമെന്ന് എം കെ രാഘവൻ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എം കെ രാഘവൻ പറഞ്ഞു. സമയമാകുമ്പോൾ കൂടുതൽ പ്രതികരിക്കുമെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുക. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് മേധാവി ഇ മെയിലിലൂടെ നിയമോപദേശം നൽകിയത്. ഉടൻ നിയമോപദേശം നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പ്രതികരിച്ചു. എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലിസ് തള്ളി. ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോ‍ർട്ട് നൽകിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദ്ദേശപ്രകാരമാണ് പൊലീസ് നടപടി.  കമ്മീഷന് നൽകിയ പരാതികൾ കമ്മീഷൻ ഡിജിപിക്ക് കൈമാറിയിരുന്നു. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്.

click me!