വണ്ടൂരിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാഹനം വീണ്ടും തടഞ്ഞു

By Web TeamFirst Published Apr 19, 2019, 8:49 PM IST
Highlights

ആക്രമണത്തിന് പിന്നിൽ ലീഗ്-എസ്ഡിപിഐ പ്രവർത്തകരാണെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ടൂര്‍: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. വണ്ടൂർ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ലീഗ്-എസ്ഡിപിഐ പ്രവർത്തകരാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ടൂരിന് സമീപം ചോക്കാടും തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ എ പി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞെന്നാണ് എന്‍‍ഡിഎ ആരോപണം. ഇതു ചൂണ്ടിക്കാട്ടി എന്‍ഡിഎ നേതൃത്വം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങവെയാണ് പൂങ്ങോട് വെച്ച് വീണ്ടും ആക്രമണമുണ്ടായത്.

അതേസമയം തുഷാറിന്‍റെ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണം യുഡ‍ിഎഫ് തള്ളി. ചോക്കാട് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന എഐസിസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ വാഹനമാണെന്ന് കരുതി നിര്‍ത്താന്‍ ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷമോ അക്രമോ ഉണ്ടായില്ലെന്നും വാക്ക് തര്‍ക്കം മാത്രമേ നടന്നുള്ളൂവെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.
 

click me!