ഹിമാലയ യാത്ര, ഗുഹയിൽ ധ്യാനം.. വോട്ടെണ്ണലിന് 4 ദിവസം ബാക്കി നിൽക്കെ മോദി തീർത്ഥയാത്രയിൽ

By Web TeamFirst Published May 18, 2019, 4:14 PM IST
Highlights

ഔദ്യോഗിക യാത്രയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാലയ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പിഎംഒയോട് കമ്മീഷൻ ഓർമിപ്പിച്ചെന്നാണ് റിപ്പോർട്ട്

കേദാർനാഥ്: വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തി. തീർത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാർ നാഥിലെത്തിയിരിക്കുന്നത്. നാളെ ദില്ലിയിലേക്ക് തിരിക്കുംമുൻപ് മോദി ബദരീനാഥും സന്ദർശിക്കും. 

രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനിക്കാനെത്തിയത്. മോദി നാളെ പുലർച്ചെ വരെ ഗുഹയിൽ ഏകാന്തധ്യാനം നടത്തുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ അറിയിക്കുന്നത്. മാധ്യമങ്ങളുടെ ആവശ്യപ്രകാരമാണ് മോദിയുടെ ദൃശ്യങ്ങളെടുക്കാൻ അനുവദിച്ചതെന്നും ഏകാന്ത ധ്യാനം തുടങ്ങിയാൽ പിന്നെ ആരെയും ഗുഹയ്ക്ക് പരിസരത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും എൻഐഎ അറിയിക്കുന്നു. 

Prime Minister Narendra Modi meditates at a holy cave near Kedarnath Shrine in Uttarakhand. pic.twitter.com/KbiDTqtwwE

— ANI (@ANI)

ഗുഹയിൽ ധ്യാനം

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാർനാഥ് ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. കേദാർനാഥിൽത്തന്നെ ഉച്ചയ്ക്ക് ശേഷം ഒരു ഗുഹയിൽ മോദി ധ്യാനിക്കുന്നതിന്‍റെ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തു വിട്ടു. 

Prayed at the Kedarnath Temple. Har Har Mahadev! pic.twitter.com/ox7LMCZmfi

— Chowkidar Narendra Modi (@narendramodi)

കേദാർനാഥ് വികസനപദ്ധതിയുടെ മാർഗരേഖ മോദി പരിശോധിച്ചു.

Reviewing aspects of the ongoing Kedarnath Development Project. pic.twitter.com/bVOFnCozug

— Chowkidar Narendra Modi (@narendramodi)

63 ദിവസം നീണ്ട മാരത്തോൺ പ്രചാരണത്തിനൊടുവിൽ അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ തലേന്നാണ് മോദി കേദാർനാഥിൽ തീർത്ഥാടനത്തിനെത്തുന്നത്. മോദിയുടെ മണ്ഡലമായ വാരാണസിയടക്കം 59 മണ്ഡലങ്ങളാണ് അവസാനഘട്ട തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുക. മൂന്ന് ദിവസത്തിന് ശേഷം മെയ് 23-ന് ജനവിധിയറിയാം. 

ഔദ്യോഗിക യാത്രയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാലയ യാത്രക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പിഎംഒയോട് കമ്മീഷൻ ഓർമിപ്പിച്ചെന്നാണ് റിപ്പോർട്ട്. 

കേദാർനാഥിൽ മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ദീപാവലി സമയത്തും മോദി കേദാർനാഥിൽ ദർശനം നടത്തിയിരുന്നു. 

click me!