
ദില്ലി: രാജീവ് ഗാന്ധി ഭ്രഷ്ടാചാരി (അഴിമതിക്കാരൻ) നമ്പർ 1 ആയി മരിച്ച് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'സ്നേഹത്തോടെ ഒരു ആലിംഗനം മാത്രം, കർമഫലം നിങ്ങളെ കാത്തിരിക്കുന്നു'വെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ തിരിച്ചടിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരു മനുഷ്യന്‍റെ രക്തസാക്ഷിത്വത്തെ പ്രധാനമന്ത്രി അപമാനിച്ചെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.
''മോദിജി, യുദ്ധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. എന്‍റെ അച്ഛനെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസം തുറന്നു കാണിക്കുന്നതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല. നിങ്ങളോട് സ്നേഹം മാത്രം. ആലിംഗനങ്ങൾ - രാഹുൽ'', എന്നായിരുന്നു ട്വിറ്ററിൽ രാഹുൽ ഗാന്ധി നൽകിയ മറുപടി. കഴിഞ്ഞ വർഷം പാർലമെന്‍റിൽ വച്ച് എതിർവശത്തേക്ക് മോദിയെ ആലിംഗനം ചെയ്ത് മടങ്ങിയ രാഹുലിന്‍റെ നടപടി അന്ന് ഏറെ ശ്രദ്ധേയവും ചർച്ചാ വിഷയവുമായിരുന്നു.
അഖിലേഷ് യാദവും അരവിന്ദ് കെജ്‍രിവാളുമടക്കമുള്ള പ്രമുഖരും മോദിയുടെ പ്രസ്താവനയെ അപലപിച്ചു.
റഫാൽ ഇടപാടിനെച്ചൊല്ലി ആരോപണങ്ങളുയർത്തി തന്‍റെ പ്രതിച്ഛായ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ ആരോപണം. ''നിങ്ങളുടെ അച്ഛനെ സഹപ്രവർത്തകർ മിസ്റ്റർ ക്ലീൻ എന്ന് വിളിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നം. 1 എന്ന ദുഷ്പേരോടെയാണ്'', എന്നായിരുന്നു ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്.
രാജീവ് ഗാന്ധി സർക്കാരിനെ വീണ്ടും അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയതിൽ പ്രധാനപ്പെട്ട ഒരു അഴിമതിയാരോപണമായിരുന്നു 1980-ൽ പുറത്തുവന്ന ബോഫോഴ്‍സ് ആയുധ ഇടപാട്. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിനെ വീണ്ടും അധികാരത്തിൽ വരാതെ താഴെയിറക്കിയ ആ അഴിമതിയാരോപണത്തിന് ശേഷം ഇന്ത്യയിൽ ഒരു പാർട്ടിക്ക് കൃത്യമായ ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ്. ഇന്ത്യയിൽ സഖ്യസർക്കാരുകളുടെ കാലം തുടങ്ങിയതും രാജീവ് ഗാന്ധി സർക്കാർ അധികാരത്തിൽ നിന്ന് താഴെപ്പോയ ശേഷമാണ്.
രാജീവ് ഗാന്ധിക്ക് പക്ഷേ ബോഫോഴ്സ് കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചു. ഒട്ടാവിയോ ക്വത്‍റോച്ചി എന്ന ഇറ്റാലിയൻ ബിസിനസ്സുകാരന്‍റെ കയ്യിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു.
നരേന്ദ്രമോദിക്ക് അടിസ്ഥാനപരമായ രാഷ്ട്രീയമാന്യത പോലുമില്ലെന്ന് പി ചിദംബരം ആരോപിച്ചു.
''രക്തസാക്ഷികളുടെ പേരിൽ വോട്ട് തേടുന്ന നരേന്ദ്രമോദി, രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരാളുടെ രക്തസാക്ഷിത്വത്തെയാണ് അപമാനിച്ചത്. ഇതിന് അമേഠിയിലെ ജനത മറുപടി നൽകും. അമേഠിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് രാജീവ് ഗാന്ധി ജീവിച്ചത്. അപമാനം ഈ രാജ്യം ഒരിക്കലും പൊറുക്കില്ല'', എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.