'5 വർഷമായി ഇന്ത്യയിൽ ഭീകരാക്രമണം നടന്നിട്ടില്ല', ജയ് ശ്രീറാം വിളിയുമായി മോദി അയോധ്യയിൽ

By Web TeamFirst Published May 1, 2019, 1:17 PM IST
Highlights

കഴിഞ്ഞ് അഞ്ച് വർഷത്തെ ഭരണകാലത്തിനിടെ ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. രാം ജന്മഭൂമി ന്യാസിന്‍റെ കാര്യാലയത്തിലേക്കോ ക്ഷേത്രത്തിലേക്കോ മോദി പോകില്ല. 

ഉത്തർപ്രദേശ്: രാജ്യരക്ഷ ഉയർത്തിപ്പിടിച്ച്, ജയ് ശ്രീറാം വിളികളോടെ, ഹിന്ദുത്വപ്രചാരണവുമായി അയോധ്യയിലെ പ്രചാരണപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണം പോലുമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി അയോധ്യയിലെ തെരഞ്ഞെടുപ്പ് റാലിയിൽ അവകാശപ്പെട്ടു. ശ്രീലങ്കയിലെ ഭീകരാക്രമണം ഉയർത്തിക്കാട്ടിയ മോദി, 2014-ന് മുമ്പ് ഇന്ത്യയുടെ സ്ഥിതി ശ്രീലങ്കയുടേത് പോലെയായിരുന്നെന്നും എന്നാൽ ഇപ്പോൾ രാജ്യത്ത് സുശക്തമായ സർക്കാരുണ്ടെന്നും പറഞ്ഞു. 

എന്നാൽ തീവ്രവാദം ഇന്ത്യയുടെ സംസ്കാരങ്ങൾക്കും മതാചാരങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഉയ‍ർത്തുന്നതെന്നും മോദി പറഞ്ഞു. ''നമ്മൾ രാമായൺ സർക്യൂട്ട് പദ്ധതി തുടങ്ങി. വിവിധ ആരാധനാലയങ്ങളിൽ നമ്മൾ വിനോദസഞ്ചാരം വികസിപ്പിച്ചു. പക്ഷേ ഇതിനെല്ലാം ഭീകരവാദം വെല്ലുവിളിയാണ്'', എന്ന് മോദി.

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചും ബാലാകോട്ട് പ്രത്യാക്രമണത്തെക്കുറിച്ചും പരാമർശം നടത്തിയതിന് മോദിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുകയാണെന്ന് ആരോപണമുയരുമ്പോഴാണ് മോദിയുടെ പരാമർശം. ഭൂരിപക്ഷ സമുദായങ്ങളെ പേടിച്ച് രാഹുൽ ഗാന്ധി ന്യൂനപക്ഷ സമുദായങ്ങൾക്ക് ശക്തിയുള്ള ഇടത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയിൽ വ‍‍ർഗീയതയില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസിന്‍റെ പരാതി തള്ളിയിരുന്നു.

കുംഭമേള കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി ആഘോഷിക്കപ്പെടുന്നു. കഴിഞ്ഞ തവണയാണ് ഇതേക്കുറിച്ച് ലോകമറിഞ്ഞത്, അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത് - മോദി അവകാശപ്പെട്ടു. 

പാവപ്പെട്ടവന്‍റെ അവകാശങ്ങളെക്കുറിച്ച് തനിക്കറിയാമെന്നും, അതിനാലാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയതെന്നും മോദി പറഞ്ഞു. ഒരു ചായ്‍വാലയും സ്വന്തം മകൻ ചായ്‍വാല ആകണമെന്ന് ആഗ്രഹിക്കില്ല. പാവപ്പെട്ടവർക്ക് മുന്നേറാനും വളരാനും ആഗ്രഹമുണ്ട്. അത് സഫലമാക്കാൻ എന്‍റെ സർക്കാർ സഹായിക്കും - എന്ന് മോദി.

അയോധ്യയിലെ അംബേദ്‍കർ നഗറിൽ നടത്തിയ പ്രചാരണപരിപാടിയിൽ മോദി മായാവതിക്കെതിരെയും ആഞ്ഞടിച്ചു. ബാബാ സാഹെബ് അംബേദ്കറുടെ ആശയങ്ങൾക്ക് എതിരായാണ് മായാവതി പ്രവർത്തിക്കുന്നത്. അത്തരമൊരാൾക്ക് ഉത്തർപ്രദേശിന്‍റെ അധികാരത്തിലേക്ക് വരാൻ അവകാശമില്ലെന്നും മോദി പറഞ്ഞു. 

Prime Minister Narendra Modi chants "Jai Shri Ram" and "Bharat Mata ki jai" after ending his speech at a rally in Ambedkar Nagar pic.twitter.com/gWozmTv9HW

— ANI UP (@ANINewsUP)
click me!