മുസ്ലീം ലീഗിന് രാജ്യദ്രോഹ പാരമ്പര്യമെന്ന് ബി ഗോപാലകൃഷ്ണൻ; ലീഗിന്‍റേത് രാജ്യസ്നേഹ പാരമ്പര്യമെന്ന് എൻ ഷംസുദ്ദീൻ

By Web TeamFirst Published Apr 5, 2019, 10:19 PM IST
Highlights

ലീഗിന് രാജ്യദ്രോഹ പാരമ്പര്യമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.  മുസ്ലീം ലീഗിന്‍റെ രൂപീകരണത്തിന് മുമ്പ് നടന്ന ഇന്ത്യാ വിഭജനത്തിന് ലീഗ് എങ്ങനെ ഉത്തരവാദിയാകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ.

തിരുവനന്തപുരം: 

മുസ്ലീം ലീഗ് മത സംഘടനയാണെന്നും 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നും ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ചത്തകുതിര എന്നാണ് ജവഹർലാൽ നെഹ്രു ലീഗിനെ വിളിച്ചത്. ചത്ത കുതിരയുടെ മുകളിൽ കയറി സവാരി ചെയ്യാൻ രാഹുൽ ഗാന്ധി ശ്രമിക്കുമ്പോൾ ബിജെപി അത് ചൂണ്ടിക്കാട്ടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയെ വിഭജിച്ച ഓൾ ഇന്ത്യാ മുസ്ലീം ലീഗിന്‍റെ പിന്തുടർച്ചക്കാർ തന്നെയാണ് മുസ്ലീം ലീഗ്. റിപ്പബ്ലിക് ദിനം ബഹിഷ്കരിച്ച ഒരേയൊരു പാർട്ടിയാണ് മുസ്ലീം ലീഗെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ജനാധിപത്യപരമായ സമീപനം സ്വീകരിക്കാൻ ശ്രമിക്കുന്നു എന്നത് ഒഴിച്ചാൽ രാജ്യവിരുദ്ധ സമീപനത്തിൽ നിന്നും മുസ്ലീം ലീഗ് വിമുക്തരല്ലെന്നും ബി ഗോപാലകൃഷ്ണൻ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

1948 മാർച്ച് പത്തിനാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകരിച്ചതെന്നും മുസ്ലീം ലീഗിന്‍റെ രൂപീകരണത്തിന് മുമ്പ് നടന്ന ഇന്ത്യാ വിഭജനത്തിന് ലീഗ് എങ്ങനെ ഉത്തരവാദിയാകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ ചോദിച്ചു. വർഗ്ഗീയത പരമാവധി ആളിക്കത്തിച്ച് ഇന്ത്യൻ മനസിലെ സഹജമായ പാകിസ്ഥാൻ വിരോധം വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഷംസുദ്ദീൻ പറഞ്ഞു. നെഹ്രുവും രാജേന്ദ്രപ്രസാദും ഇന്ദിരാഗാന്ധിയും മുസ്ലീം ലീഗിനെ വർഗ്ഗീയ ദേശവിരുദ്ധ കക്ഷിയായാണ് കണ്ടതെന്ന് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. മുസ്ലീം ലീഗ് വൈറസാണെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശത്തെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലി അംഗവുമായിരുന്ന മുഹമ്മദ് ഇസ്മയിൽ സാഹിബ് ഇന്ത്യാ പാക് യുദ്ധ കാലത്ത് തന്‍റെ മകൻ മിയാ ഖാനെ പട്ടാളത്തിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് നെഹ്രുവിന് കത്ത് നൽകിയത് എൻ ഷംസുദ്ദീൻ എംഎൽഎ ന്യൂസ് അവർ ചർച്ചയിൽ ഓർമ്മിപ്പിച്ചു. പാകിസ്ഥാനെന്നല്ല വിശുദ്ധ കഅബാലയം സ്ഥിതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ ഇന്ത്യക്കെതിരെ വന്നാലും ഇന്ത്യയുടെ ഭാഗത്തേ നിൽക്കൂ എന്ന് സി എച് മുഹമ്മദ് കോയ പറഞ്ഞതും എൻ ഷംസുദ്ദീൻ ഓർമ്മിപ്പിച്ചു.

click me!