ആരൊക്കെ എതിരെ നിന്നാലും വാരണാസിയില്‍ മോദി തന്നെ; കണക്കിലെ കളികള്‍ പറയുന്നതിങ്ങനെ!

By Web TeamFirst Published Apr 26, 2019, 6:32 PM IST
Highlights

രണ്ട് ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോദി വിജയിക്കുമെന്നാണ് ഇന്ത്യാ ടുഡേ ടിവിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
 

ദില്ലി: എതിരാളികള്‍ എത്ര ശക്തരായാലും വാരണാസിയില്‍ നരേന്ദ്രമോദിയുടെ വിജയം അനായാസമായിരിക്കുമെന്ന് മാധ്യമറിപ്പോര്‍ട്ട്. രണ്ട് ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോദി വിജയിക്കുമെന്നാണ് ഇന്ത്യാ ടുഡേ ടിവിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

2014ല്‍ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ 3.37 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോദി പാര്‍ലമെന്‍റിലേക്ക് എത്തിയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു ഇത്തവണയും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായ അജയ് റായ്. മോദിക്കും അജയ് റായിക്കും ഒപ്പം എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ശാലിനി യാദവ് ആണ് പ്രബലയായ മറ്റൊരു സ്ഥാനാര്‍ത്ഥി.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് എതിരെ നിന്നാലും മോദി രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നത്. 2014ല്‍ മോദി നേടിയത് 5.81 ലക്ഷം വോട്ടുകളാണ്. ആംആദ്മി പാര്‍ട്ടിക്ക് അന്ന് 2.09 ലക്ഷവും കോണ്‍ഗ്രസിന് 75,610 ഉം വോട്ടുകള്‍ ലഭിച്ചു. എസ്പിയുടെ സ്ഥാനാര്‍ത്ഥിക്ക് 60,570 വോട്ടുകളും ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിക്ക് 45,290 വോട്ടുകളും ലഭിച്ചു. ഇത്തവണ എസ്പി-ബിഎസ്പി വോട്ടുകള്‍ ഏകീകരിച്ചാലും അവ 2014ല്‍ മോദിക്ക് ലഭിച്ച വോട്ടുകളെക്കാള്‍ കുറവായിരിക്കും. 

ഇനി പ്രതിപക്ഷ മഹാസഖ്യം ഒന്നിച്ചുനിന്നാലും ഈ വോട്ടുകളെല്ലാം കൂടി 3.90 ലക്ഷം വോട്ടുകളെ നേടൂ. അപ്പോഴും മോദിക്ക് 1.9 ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കാനാവും എന്നാണ് കണക്കുകള്‍ നിരത്തി ഇന്ത്യാ ടുഡേ പറയുന്നത്. 
 

click me!