
കോട്ടയം: കോട്ടയം സീറ്റിൽ ആരു നിന്നാലും അത് നോക്കി മാത്രമല്ല യുഡിഎഫിന്‍റെ വിജയ സാധ്യത തീരുമാനിക്കുന്നതെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്. പ്രശ്നം ഉണ്ടാകുമ്പോൾ പരിശ്രമിക്കേണ്ടത് പരിഹാരത്തിനാണ്. കോട്ടയത്തെ മാത്രമല്ല അതിനോട് ചേർന്ന ്കിടക്കുന്ന മണ്ഡലങ്ങളിലെ വിജയസാധ്യത കൂടി മുന്നിൽ കണ്ടാകണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ഒറ്റക്കെട്ടായി പാർട്ടികൾ ശ്രമിക്കേണ്ടത് യുഡിഎഫിന്‍റെ വിജയത്തിനാണെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
പി ജെ ജോസഫിനെ മുന്നിൽ നിർത്തി കോട്ടയം പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി പോകാനാണ് ആഗ്രഹിക്കുന്നത്. കോട്ടയത്തെ സ്ഥാനാർത്ഥി മാറ്റേണ്ടതില്ല. ഇടുക്കിയിൽ സീറ്റ് വേണമെന്ന റോഷി അഗസ്റ്റിന്‍റെ ആവശ്യം സ്വാഗതാർഹമാണെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
പിജെ ജോസഫിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടത്. അത് കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് ഇടപെട്ട് മാന്യമായ പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മോൻസ് ജോസഫ് കോട്ടയത്ത് പ്രതികരിച്ചു.
കേരളാ കോൺഗ്രസിനകത്തെ പ്രശ്നങ്ങളിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് പിജെ ജോസഫും പറഞ്ഞിരുന്നു. ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പ്രശ്നങ്ങൾ നല്ലതീരിയിൽ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ജോസഫിന്‍റെ വാക്കുകൾ.