ഹൈദരാബാദിൽ മറ്റൊരു ഇന്നിംഗ്‍സിന് ഒരുങ്ങി മുഹമ്മദ് അസ്‍ഹറുദ്ദീൻ; എതിരിടുന്നത് ഉവൈസിയെ

By Sravan KrishnaFirst Published Mar 2, 2019, 7:50 PM IST
Highlights

അസദുദ്ദീൻ ഉവൈസിയുടെ ഇന്നിങ്സ് അവസാനിപ്പിക്കാൻ ആരെയിറക്കുമെന്ന കോൺഗ്രസിന്‍റെ ആലോചന ഇപ്പോളെത്തുന്നത് മുഹമ്മദ് അസ്ഹറുദ്ദീനിലാണ്. 

ഹൈദരാബാദ്: ലോക്‍സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് മണ്ഡലത്തിൽ അസദുദ്ദീൻ ഉവൈസി, മുഹമ്മദ് അസ്ഹറുദ്ദീൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ ഉവൈസിക്കെതിരെ മത്സരിപ്പിക്കാനാണ് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം. നിലവിൽ ടിപിസിസി വർക്കിങ് പ്രസിഡന്‍റാണ് അസ്ഹറുദ്ദീൻ.

എംഐഎമ്മിന്‍റെ കുത്തക മണ്ഡലമാണ് ഹൈദരാബാദ്. സുൽത്താൻ സലാഹുദ്ദീൻ ഉവൈസി ആറ് തവണ ഇവിടെ എംപിയായി. സലാഹുദീന് ശേഷം മകൻ അസദുദ്ദീൻ ഉവൈസിയെ കഴിഞ്ഞ മൂന്ന് തവണയായി ഹൈദരാബാദ് പാർലമെന്‍റിലേക്ക് അയക്കുന്നു. തെലങ്കാന രാഷ്ട്ര സമിതിയുടെ പിന്തുണകൂടിയാകുമ്പോൾ എതിരാളികൾക്ക് ഉവൈസിയെ കീഴടക്കുക കടുപ്പം. അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിക്കാൻ പോന്ന ആത്മവിശ്വാസമുണ്ട് എംഐഎം അധ്യക്ഷന് ഇവിടെ.

'വരട്ടെ. മഹാസഖ്യത്തിന്‍റെ ശക്തിയും മോദി തരംഗത്തിന്‍റെ കരുത്തും പരീക്ഷിക്കട്ടെ', എംഐഎം അധ്യക്ഷൻ അസദ്ദുദ്ദീൻ ഉവൈസി പറയുന്നു.

ഉവൈസിയുടെ ഇന്നിങ്സ് അവസാനിപ്പിക്കാൻ ആരെയിറക്കുമെന്ന കോൺഗ്രസിന്‍റെ ആലോചന ഇപ്പോളെത്തുന്നത് മുഹമ്മദ് അസ്ഹറുദ്ദീനിലാണ്. ടിപിസിസി വർക്കിങ് പ്രസിഡന്‍റായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍റെ പേരാണ് പാർട്ടിയുടെ പ്രാഥമിക പട്ടികയിലുളളത്.

സെക്കന്തരാബാദിൽ മത്സരിക്കാനാണ് അസ്ഹറിന് താത്പര്യം. എന്നാൽ ഹൈക്കമാന്‍റ് പറഞ്ഞാൽ ഹൈദരാബാദിലിറങ്ങുമെന്ന് നേതാക്കൾക്ക് പ്രതീക്ഷയുണ്ട്. 2009-ൽ യുപിയിലെ മൊറാദാബാദിൽ നിന്ന് ലോക്സഭയിലെത്തിയ അസ്ഹറുദ്ദീൻ 2014-ൽ രാജസ്ഥാനിലെ ടോങ്ക് മധോപൂർ മണ്ഡലത്തിൽ തോറ്റിരുന്നു.

ജയമുറപ്പില്ലാത്ത ഹൈദരാബാദിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഹൈദരാബാദ് മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ ആറിലും എംഐഎം ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. മത്സരിക്കാൻ താരം തയ്യാറായാൽ വരും തെരഞ്ഞെടുപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നാകും ഉവൈസിയും അസ്ഹറുദ്ദീനും തമ്മിൽ നടക്കുക.

click me!