18 സീറ്റ് കിട്ടുമെന്ന് കോടിയേരി ഉറപ്പിച്ച് പറയുന്നത് കള്ളവോട്ട് ചെയ്തതുകൊണ്ടെന്ന് മുല്ലപ്പള്ളി

By Web TeamFirst Published May 1, 2019, 12:04 PM IST
Highlights

ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും അന്വേഷിക്കണം. തന്‍റെ അനുഭവത്തിൽ ലീഗിന് കള്ളവോട്ട് ചെയ്ത ചരിത്രമില്ല. കള്ളവോട്ട് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി

ദില്ലി: കേരളത്തില്‍ കള്ളവോട്ട് പുത്തന്‍ അനുഭവമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 50 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടക്കുന്നു. താന്‍ അതിന്‍റെ ഇരയാണെന്നും മുല്ലപ്പള്ളി ദില്ലിയില്‍ പറഞ്ഞു.

ഇത്തവണ സിപിഎം സംഘടിതമായി കള്ള വോട്ട് ചെയ്തു. അതുകൊണ്ടാണ് 20 ല്‍ 18 സീറ്റ്‌ കിട്ടുമെന്ന് കോടിയേരി ഉറപ്പിച്ചു പറഞ്ഞത്. കള്ളവോട്ടിന്‍റെ കണക്ക് വച്ച് ഓപ്പറേഷൻ സക്സസ് എന്നാണ് കോടിയേരി പറഞ്ഞത്. പക്ഷെ രോഗി മരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും അന്വേഷിക്കണം. കള്ളവോട്ട് രാഷ്ട്രീയം അവസാനിപ്പിക്കണം. തന്‍റെ അനുഭവത്തിൽ ലീഗിന് കള്ളവോട്ട് ചെയ്ത ചരിത്രമില്ല. കേരളത്തിലെ കള്ളവോട്ടിൽ നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി വരെ കെപിസിസി പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.  

ജംബോ കമ്മിറ്റിയില്ല, കെപിസിസിയില്‍ അഴിച്ചുപണി ഉടനെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ കെപിസിസി അഴിച്ചു പണിയുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.  ജംബോ കമ്മിറ്റി വേണ്ട എന്നാണ് ധാരണ. ഗ്രൂപ്പ്‌ പ്രവർത്തനത്തിൽ ഇപ്പോൾ ആർക്കും താല്പര്യമില്ല. സംഘടനാചുമതല ആർക്ക് എവിടെയൊക്കെ നല്‍കണം എന്നതിനെക്കുറിച്ച് എഐസിസിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.  

മുഖ്യമന്ത്രിക്കും കൊടിയേരിക്കുമാണ് സഹസ്ര കോടിശ്വരൻമാരുമായി ബന്ധമെന്ന്, രാഹുൽ ഗാന്ധി വയനാട്ടിൽ കോടികൾ ചെലവാക്കി എന്ന കോടിയേരിയുടെ ആരോപണത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. 

കോടിശ്വരന്മാരുടെ കല്യാണങ്ങൾക്കും വിശേഷങ്ങൾക്കും കാലേക്കൂട്ടി കുടുംബ സമേതം പോകുന്നത് മുഖ്യമന്ത്രിയാണ്. കോൺഗ്രസ്‌ വളരെ പാടുപെട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എല്ലാവരുടെയും പണം ഞങ്ങൾ സ്വീകരിക്കാറില്ല. പണവുമായി സമീപിച്ച ചിലരെ എങ്കിലും ഞങ്ങൾ മടക്കി അയച്ചിട്ടുണ്ട്. ബക്കറ്റ് പിരിവിലൂടെ സിപിഎം കോടികൾ ഉണ്ടാക്കുന്നത് സായിബാബയെ കടത്തി വെട്ടുന്ന മായാജാലമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

click me!