'ഇത് മോദി കോഡ് ഓഫ് കണ്ടക്ട്'; മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തെര. കമ്മീഷനെതിരെ കോൺഗ്രസ്

By Web TeamFirst Published May 1, 2019, 11:45 AM IST
Highlights

ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങൾക്ക് ശക്തിയുള്ള സ്ഥലത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണ് രാഹുൽ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. 

ദില്ലി: വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്. ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങൾക്ക് ശക്തിയുള്ള സ്ഥലത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണ് രാഹുൽഗാന്ധി എന്ന മോദിയുടെ പരാമർശം വർഗീയതയാണെന്ന് കാട്ടി കോൺഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെയായിരുന്നു മോദിയുടെ പരാമർശം. 

രാജ്യത്ത് നിലനിൽക്കുന്നത് 'മോഡൽ കോഡ് ഓഫ് കണ്ടക്ട്' (മാതൃകാ പെരുമാറ്റച്ചട്ടം) അല്ല 'മോദി കോഡ് ഓഫ് കണ്ടക്ടാ'ണെന്ന് കോൺഗ്രസ് വിമർശിക്കുന്നു. മോദിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന രീതി പറ്റില്ലെന്നും പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. 

വർഗീയത ഉയർത്തുന്നതോ, രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നതോ ആയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം. മുസ്ലീം സഹോദരൻമാരേ, നിങ്ങൾ സുരക്ഷിതരായിരിക്കണമെങ്കിൽ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ദിവസത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കിയിരുന്നു.

click me!