ആലപ്പുഴയിലെ തോല്‍വി: പാർട്ടിയ്ക്ക് അശ്രദ്ധ ഉണ്ടായി; ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി

By Web TeamFirst Published May 28, 2019, 7:05 PM IST
Highlights

ചില അടിയൊഴുക്കുകളെ കുറിച്ച് ഷാനിമോൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പാർട്ടിക്ക് അശ്രദ്ധ ഉണ്ടായെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പ്രമുഖ നേതാക്കൾ തന്നെ തോല്പിച്ചതാണെന്ന് ആരോപിച്ച ഷാനി മോൾ ഉസ്മാൻ, ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. 

യു ഡി എഫിന് 20ഇൽ 19 സീറ്റും കിട്ടിയെങ്കിലും സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാന് തോൽവി നേരിടേണ്ടി വന്നു. പാർട്ടി തോൽവി പ്രതീക്ഷിച്ചതല്ലെന്നും പാർട്ടിയ്ക്ക് അശ്രദ്ധ ഉണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില അടിയൊഴുക്കുകളെ കുറിച്ച് ഷാനിമോൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പരാജയത്തിന് കാരണം പാർട്ടിയിലെ ഒരു മുതിർന്ന നേതാവും ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു നേതാവുമാണെന്നാണ് ഷാനിമോളുടെ പരാതി. ഇക്കാര്യം കെ പി സി സി അധ്യക്ഷനേയും ഷാനിമോൾ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം അറിയിക്കാനാണ് ഇന്നത്തെ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നത്. തുടർന്നാണ് തോൽവി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഇതിനിടെ അരൂർ നിയമസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കണമെന്നു മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.

click me!