തുടക്കം മുതല്‍ ചുവടുകള്‍ പിഴച്ച് മുസ്ലിം ലീഗ്; ബദല്‍ നീക്കങ്ങള്‍ക്ക് പിന്നില്‍ ശക്തി കേന്ദ്രങ്ങളിലെ വിള്ളല്‍

By Web TeamFirst Published Mar 15, 2019, 2:34 PM IST
Highlights

പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ പൊന്നാനിയില്‍ സിറ്റിംഗ് എംപി ഇടി മുഹമ്മദ് ബഷീറിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തു വന്നതാണ് ആദ്യത്തെ സംഭവം. ഭിന്നിപ്പ് മുതലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ പിവി അന്‍വറിനെ എല്‍ഡിഎഫ് പൊതുസ്വതന്ത്രനായി അവതരിപ്പിച്ചത്

മലപ്പുറം: എപ്പോഴും വിവാദങ്ങള്‍ക്ക് ഇടം നല്‍കാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിന് ഇറങ്ങുകയും ചെയ്യുന്ന മുസ്ലീംലീഗിന് ഇക്കുറി തുടക്കം മുതല്‍ ചുവടുകള്‍ പിഴച്ച അവസ്ഥയാണ്. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ പൊന്നാനിയില്‍ സിറ്റിംഗ് എംപി ഇടി മുഹമ്മദ് ബഷീറിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തു വന്നതാണ് ആദ്യത്തെ സംഭവം. 

വിഷയത്തില്‍ കെപിസിസി നേതൃത്വം ശക്തമായി ഇടപെട്ടതോടെ താഴത്തെട്ടിലെ പരസ്യപ്രതിഷേധം അവസാനിച്ചു. എന്നാല്‍ പൊന്നാനിയിലെ യുഡിഎഫ് സംവിധാനം തകര്‍ന്നു കിടക്കുകയാണെന്ന് അതോടെ വ്യക്തമായി. ഈ ഭിന്നിപ്പ് മുതലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ പിവി അന്‍വറിനെ എല്‍ഡിഎഫ് പൊതുസ്വതന്ത്രനായി അവതരിപ്പിച്ചത്. 

അപകടം മുന്നില്‍ കണ്ട് ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും പികെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്കും മാറ്റുക എന്ന ഫോര്‍മുല സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല. പൊന്നാനിയില്‍ ഇടി തന്നെ സ്ഥാനാര്‍ത്ഥിയാകും എന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ അവിടെ അണിയറ നീക്കങ്ങള്‍ സജീവമായി. ബന്ധുവീട്ടില്‍ വച്ച് പിവി അന്‍വറുമായി രഹസ്യചര്‍ച്ച നടത്തിയ കെപിസിസി ഭാരവാഹിയെ ലീഗ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയുന്ന സംഭവം വരെയുണ്ടായി. 

2009-ല്‍ 82,000 വോട്ടുകള്‍ക്കാണ് പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. എന്നാല്‍ 2014-ല്‍ മുന്‍കെപിസിസി ഭാരവാഹി കൂടിയായ വി.അബ്ദു റഹ്മാന്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ബഷീറിന്‍റെ ഭൂരിപക്ഷം 23,000 ആയി കുറ‍ഞ്ഞു. 2016-നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടെടുത്താല്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം 5000-ത്തിലേക്ക് എത്തി. ശക്തികേന്ദ്രത്തില്‍ വിള്ളല്‍ വീണെന്ന ഈ വിലയിരുത്തലാണ് ചോരുന്ന വോട്ടുകള്‍ക്ക് ബദല്‍ തേടാനുള്ള നീക്കം മുസ്ലീംലീഗ് തീരുമാനിച്ചത്. 

2014-ൽ എസ്ഡിപിഐ സ്ഥാനാർത്ഥി പൊന്നാനിയിൽ പിടിച്ചത് 26,000 വോട്ടുകളാണ്. ഈ വോട്ടുകൾ ഇടി മുഹമ്മദിന് ഉറപ്പിക്കാനുള്ള നീക്കുപോക്ക് ചർച്ചകളാണ് കൊണ്ടോട്ടിയിലെ ​ഗസ്റ്റ് ഹൗസിൽ നടന്നതെന്നാണ് സൂചന. പൊന്നാനിയിൽ മാത്രമല്ല മലപ്പുറത്തും കേരളത്തിൽ എസ്ഡ‍ിപിഐക്ക് ഭേദപ്പെട്ട വോട്ടുബാങ്കുള്ള മറ്റു ചില മണ്ഡലങ്ങളിലും രഹസ്യസഹകരണത്തിനുള്ള സാധ്യതകൾ യുഡിഎഫുമായി പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ഭാരവാഹികൾ ചർച്ച ചെയ്തുവെന്നാണ് സൂചന. 

യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും എസ്ഡിപിഐ നേതാക്കളെ കണ്ടെന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. കേഡ‍ർ പാർട്ടിയായ എസ്ഡിപിഐ മുൻകാലങ്ങളിലും വോട്ടുമറിക്കൽ ആരോപണം നേരിട്ടിട്ടുണ്ട്. അതിനാൽ തന്നെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡിപിഐ നേതാക്കളെ കണ്ടത് യുഡിഎഫ് നേതൃത്വത്തിന്റേയും മുസ്ലീംലീ​ഗ് നേതൃത്വത്തിന്റേയും അറിവോടെയാണെന്ന് വ്യക്തം. 

സംസ്ഥാനത്ത് എസ്ഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനും ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് മലപ്പുറം. ന്യൂനപക്ഷ രാഷ്ട്രീയം ഇത്രമേൽ ചർച്ച ചെയ്യപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ പക്ഷേ മലപ്പുറത്തെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2014-എസ്ഡിപിഐ സ്ഥാനാർത്ഥിയായി മലപ്പുറത്ത് മത്സരിച്ച നസറൂദ്ദീൻ എളമരം അരലക്ഷത്തോളം വോട്ടാണ് നേടിയത്. ഇവിടെയും വോട്ടുകൾ മറിയാനുള്ള സാധ്യത ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

മുൻകാലങ്ങളിൽ മലപ്പുറത്ത് ലീ​ഗിന്റെ ഏകപക്ഷീയ ജയമായിരുന്നു കണ്ടതെങ്കിൽ ഇക്കുറി മാറ്റമുണ്ടായേക്കാം എന്ന് പാർട്ടി കണക്കുകൂട്ടുന്നുണ്ട്. മുത്തലാഖ് ബിൽ സംബന്ധിച്ച ചർച്ചയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിനെതിരെ ലീ​ഗ് അണികൾക്കിടയിൽ തന്നെ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.  ലീ​ഗീലെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം കുറഞ്ഞു വരുന്ന കാലമാണിത്.  പൊന്നാനിയിലേക്ക് കുഞ്ഞാലിക്കുട്ടിയെ മാറ്റാനുള്ള നീക്കം വരെ ഉണ്ടായത് ഈ സാഹചര്യത്തിലാണ്. 

പക്ഷേ എത്ര കടുത്ത പോരാട്ടത്തിലും പ്രതികൂല സാഹചര്യത്തിലും മണ്ഡലം കുഞ്ഞാലിക്കുട്ടിയെ കൈവിടില്ല എന്ന് ലീ​ഗ് നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിലുണ്ടാവുന്ന മാറ്റം അവർ സൂഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട്. 2014- ൽ ഇ അഹമ്മദ് 1.95 ലക്ഷം വോട്ടുകൾക്കും അഹമ്മദിന്റെ മരണാനന്തരം നടന്ന 2017-ലെ ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി 1.71 ലക്ഷം വോട്ടുകൾക്കുമാണ് മലപ്പുറത്ത് ജയിച്ചത്.  

മലപ്പുറത്ത് നിന്നും വന്ന മണ്ഡലത്തിൽ ധാരാളം വ്യക്തി ബന്ധങ്ങളുള്ള വിപി സാനുവാണ് ഇക്കുറി മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളി. കഴിഞ്ഞ രണ്ട് തവണത്തേക്കാൾ കടുത്ത മത്സരമായിരിക്കും ഇക്കുറി മലപ്പുറത്ത് നടക്കുകയെന്ന് വ്യക്തമാണ്. നിലവിലെ സാഹചര്യത്തിൽ  കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വല്ലാതെ താഴേക്ക്  പോയാൽ പോലും കനത്ത തിരിച്ചടിയാവും അതെന്ന് ലീ​ഗ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പ്രത്യേകിച്ച് പത്ത് വർഷം കൊണ്ട് പൊന്നാനി മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിലുണ്ടായ മാറ്റം മുന്നിൽ നിൽക്കുമ്പോൾ.

വർ​​ഗീയതക്കെതിരായ പോരാട്ടമായാണ് 2019 തെരഞ്ഞെടുപ്പിനെ  ഇടതു-വലതുമുന്നണികൾ വിശേഷിപ്പിക്കുന്നത്. ആർഎസ്എസിനെ മുഖ്യ എതിരാളിയെ സ്ഥാപിച്ചു കൊണ്ടാണ് ഇരുകൂട്ടരുടേയും പ്രവർത്തനം. കൂടുതൽ നന്നായി ആരാണോ വർ​ഗീയതയെ പ്രതിരോധിക്കുന്നതായി സ്ഥാപിച്ചെടുക്കുന്നത് അവരായിരിക്കും നേട്ടം കൊയ്യുക. അത്തരമൊരു സാഹചര്യത്തിലാണ് ലീ​ഗ് എസ്ഡിപിഐയുമായി സഹകരിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വരുന്നത്. എസ്‍ഡിപിഐ ബാന്ധവത്തെ പ്രതിരോധിക്കാൻ മുസ്ലീം ലീ​ഗും യുഡിഎഫും ഇനി നന്നായി വിയർപ്പൊഴുക്കേണ്ടി വരും എന്നുറപ്പ്.

click me!