
കൊപ്പാൾ: മുസ്ലീങ്ങൾ ബിജെപിയെ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ട് അവർക്ക് സീറ്റ് നൽകില്ലെന്നും കർണ്ണാടകയിലെ ബിജെപിയുടെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പ പറഞ്ഞു. വടക്കൻ കർണ്ണാടകയിലെ കൊപ്പാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എസ് ഈശ്വരപ്പ. കോൺഗ്രസ് മുസ്ലീങ്ങളെ വോട്ട് ബാങ്ക് മാത്രമായി കാണുന്നതുകൊണ്ടാണ് അവർക്ക് ടിക്കറ്റ് നൽകാത്തത്. ബിജെപിയിൽ മുസ്ലീങ്ങൾക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർക്ക് ബിജെപി ടിക്കറ്റ് നൽകാത്തത്. ഞങ്ങളിൽ വിശ്വസിച്ചാൽ മുസ്ലീങ്ങൾക്ക് സീറ്റും മറ്റു പലതും കൊടുക്കാൻ തയ്യാറാണ്, കെ എസ് ഈശ്വരപ്പ പറഞ്ഞു.
ഈശ്വരപ്പയുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ മുമ്പും വിവാദമായിട്ടുണ്ട്. കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്ലീങ്ങൾ കൊലയാളികളാണെന്നും നല്ല മുസ്ലീങ്ങൾ ബിജെപിയുടെ കൂടെ നിൽക്കുമെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു. 'നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്താൽ എന്തുചെയ്യും?' എന്ന് ഒരു വനിതാ മാധ്യമപ്രവർത്തകയോട് ഈശ്വരപ്പ പറഞ്ഞതും വിവാദമായിരുന്നു.