48 മണിക്കൂർ നിശബ്ദമായിരിക്കൂ; നമോ ടിവിക്ക് കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 17, 2019, 6:48 PM IST
Highlights

നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ  സംപ്രേഷണം ചെയ്യരുതെന്ന് നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവിക്കെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ആർപി ആക്ട് 126-ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.  

ആറ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ നമോ ടിവി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തി. ചാനലുകളിൽ സംപ്രേഷ‌ണം ചെയ്യുന്ന പരിപാടികളിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിന് ചുമതലയുള്ള നോഡൽ ഉദ്യോ​ഗസ്ഥനാണ് ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ. ആർപി ആക്ട് 126-ാം വകുപ്പ് പ്രകാരം ചാനലുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. പത്രങ്ങൾക്ക് ഇത് ബാധകമല്ല. 

കഴിഞ്ഞ ദിവസം നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനൽ ഈ അനുമതി നേടിയിട്ടില്ല. ഇതാണ് ചാനലിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്നും കമ്മീഷൻ വ്യക്തമാക്കി.  

നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാൻ ആരംഭിച്ച നമോ ടിവി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നമോ ടിവിയിലെ ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് നിര്‍ദ്ദേശിച്ചത്. അതേസമയം, നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം.  

click me!