കടുംവെട്ടുമായി ആര്‍എസ്എസ്: ഹോട്ട് സീറ്റുകളില്‍ സീനിയര്‍ നേതാക്കളില്ലാതെ ബിജെപി

By Web TeamFirst Published Mar 20, 2019, 1:19 PM IST
Highlights

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും അമിത് ഷായും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന  സാഹചര്യത്തില്‍ പല സീനിയര്‍ നേതാക്കള്‍ക്കും മോഹിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നു. ഇന്നലെ പാര്‍ട്ടിയിലെത്തിയവര്‍ പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവുന്പോള്‍ സീറ്റില്ലാതെ മാറി നില്‍ക്കുകയാണ് പാര്‍ട്ടിയെ പല മുതിര്‍ന്ന നേതാക്കളും. 

തിരുവനന്തപുരം: പുതിയ നേതാക്കളുടെ ഉദയവും ഘടകക്ഷികളുടെ ഇടപെടലും മറ്റു പാര്‍ട്ടികളിലെ നേതാക്കളുടെ വരവും കാരണം കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും അമിത് ഷായും ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന  സാഹചര്യത്തില്‍ പല സീനിയര്‍ നേതാക്കള്‍ക്കും മോഹിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥ വന്നു. പുതിയ നേതാക്കളുടെ വരവോടെ ബിജെപിയുടെ കേരളത്തിലെ മുഖം മാറുകയാണ്. 

സീനിയര്‍ നേതാവ് ശോഭാ സുരേന്ദ്രനെ കടത്തിവെട്ടി പാലക്കാട് സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പാലക്കാട് സീറ്റിനായി തുടക്കം മുതല്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പിന്തുണ സി.കൃഷ്ണകുമാറിന് അനുകൂലമായി വരികയായിരുന്നു. 

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയ പ്രകടനവും കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായി.  വി.മുരളീധരന്‍റെ വിശ്വസത്നായ അനുയായിയാണ് സി.കൃഷ്ണകുമാര്‍ അറിയപ്പെടുന്നത്. അതേസമയം പാലക്കാട് സീറ്റ് ലഭിക്കാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാട് എടുത്ത ശോഭാ സുരേന്ദ്രനെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പാലക്കാടിന് പകരം ആറ്റിങ്ങല്‍ മണ്ഡലത്തിലാവും ശോഭ മത്സരിക്കുക.

കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട സീറ്റ് കിട്ടില്ലെന്ന് വ്യക്തമായതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ് ആദ്യമേ വ്യക്തമാക്കിയിരുന്നു.  സീനിയര്‍ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ആദ്യം തിരുവനന്തപുരം സീറ്റുറപ്പിക്കാന്‍ ശ്രമം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരന്‍റെ മടങ്ങി വരവോടെ പത്തനംതിട്ടയിലേക്ക് കളം മാറ്റിയിരുന്നു.

പത്തനംതിട്ട സീറ്റിലേക്ക് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ മൂന്നംഗ സാധ്യതാ പട്ടികയില്‍ ആദ്യത്തെ പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി അവസാനറൗണ്ടില്‍ പരിഗണിച്ചത് ശ്രീധരന്‍പിള്ളയുടെ പേര് മാത്രമാണ്. ആര്‍എസ്എസിന്‍റെ ആവശ്യപ്രകാരമാണ് ശ്രീധരന്‍പിള്ളയെ വെട്ടി സുരേന്ദ്രനെ വരുന്നത്. നേരത്തെ പത്തനംതിട്ടയിലെ സാധ്യതപട്ടികയില്‍ ഒന്നാമത്തെ പേര് കെ.സുരേന്ദ്രന്‍റേതാണ് എന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ ശ്രീധരന്‍പിള്ള പത്രക്കുറിപ്പ് ഇറക്കി നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തന്‍റെ പേര് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതായും പിള്ളയുടെ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലുണ്ടായ ആര്‍എസ്എസ് ഇടപെടലോടെ കാര്യങ്ങള്‍ മാറി. പത്തനംതിട്ടയില്ലെങ്കില്‍ വേറെ എവിടെയും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ശ്രീധരന്‍പിള്ള നിലപാട് വ്യക്തമാക്കിയതോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം ഇപ്പോള്‍ പിള്ളയോട്  ആവശ്യപ്പെട്ടിരിക്കുന്നത്. 

ശ്രീധരന്‍ പിള്ളയേയും എംടി രമേശിനേയും കൂടാതെ പത്തനംതിട്ട സീറ്റിനായ കരുനീക്കം നടത്തിയ മറ്റൊരാള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് എറണാകുളം സീറ്റിലേക്കാണ് അദ്ദേഹത്തെ പാര്‍ട്ടി ഇപ്പോള്‍ പരിഗണിക്കുന്നത്. കൊല്ലത്ത് മത്സരിപ്പിക്കാനായിരുന്നു ആദ്യ നീക്കമെങ്കിലും ഇതിനെതിരെയുള്ള വിയോജിപ്പ് അല്‍ഫോണ്‍സ് കണ്ണന്താനം പരസ്യമാക്കിയതോടെയാണ് എറണാകുളം സീറ്റിലേക്ക് അദ്ദേഹം എത്തുന്നത്. 

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വളരെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന കൊല്ലം സീറ്റില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് ആദ്യം കേട്ടിരുന്നത്. പ്രധാനമന്ത്രിയും അമിത് ഷായും ആവശ്യപ്പെടുന്ന പക്ഷം മത്സരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കൊല്ലം സീറ്റിലേക്ക് കോണ്‍ഗ്രസ് വിട്ടു വന്ന ടോം വടക്കനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നപ്പോഴും മറുകണ്ടം ചാടി ബിജെപിയില്‍ വന്നപ്പോഴും തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു വടക്കന്‍റെ ലക്ഷ്യം. എന്നാല്‍ തൃശ്ശൂര്‍ സീറ്റിലേക്ക് സുരേന്ദ്രനേയും വെട്ടി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് അമിത് ഷാ നിയോഗിച്ചത്. കഴിഞ്ഞ തവണ എറണാകുളത്ത് മത്സരിച്ച എഎന്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് വഴി ചാലക്കുടിക്ക് വേണ്ടി ആദ്യമേ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതോടെ കൊല്ലം സീറ്റില്‍ ടോം വടക്കന്‍ എന്ന തീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വമെത്തി. 

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേ മതിയാവൂ എന്ന കര്‍ശന നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നിലപാട് സ്വീകരിക്കുകയും പത്തനംതിട്ട സീറ്റിലേക്ക് നാലോളം ബിജെപി നേതാക്കള്‍ അവകാശവാദമുന്നയിക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമായത്. സംസ്ഥാന നേതാക്കളെ അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസിന്‍റെ കേരളഘടകവും നേരിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്.

ഇതോടെ എ പ്ലസ് മണ്ഡലം നോക്കി നടന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റ് ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 28  ദിവസം ജയിലില്‍ കിടന്ന കെ.സുരേന്ദ്രന്‍ പാര്‍ട്ടിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റില്‍ എത്തിയത് ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ്. സുരേന്ദ്രനെ മികച്ച സീറ്റില്‍ മത്സരിപ്പിക്കാത്ത പക്ഷം അത് അണികളുടെ പ്രതിഷേധം വരുത്തിവയ്ക്കുമെന്ന് ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. സീനിയര്‍ നേതാക്കളെല്ലാം കണ്ണുവച്ച തൃശ്ശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന അമിത് ഷായുടെ കര്‍ശന നിലപാടും സംസ്ഥാന നേതാക്കള്‍ക്ക് അടിയായി. 

രണ്ട് ദിവസം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍പിഎസ്സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെ ആല്പപുഴ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും, മാവേലിക്കര ബിഡിജെഎസിന് കൊടുക്കുകയും ചെയ്തതോടെ ശബരിമല വിഷയത്തിന്‍റെ ഓളത്തില്‍ തെക്കന്‍ കേരളത്തില്‍ മത്സരിച്ചു ജയിക്കാം എന്ന കേരളത്തിലെ ബിജെപി നേതാക്കളുടെ മോഹം കൂടി വെള്ളത്തിലായി. 

click me!