ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തന്നെ: പുതിയ ദേശരക്ഷാ നയം രൂപീകരിക്കുമെന്ന് സൂചന

By Web TeamFirst Published May 29, 2019, 8:37 PM IST
Highlights

പ്രതിരോധകാര്യങ്ങളിലടക്കം മോദിയുടെ വിശ്വസ്തനാണ് അജിത് ദോവൽ. ദോവൽ തൽസ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്. മോദി - അമിത് ഷാ ചർച്ചയ്ക്ക് ഒടുവിൽ മന്ത്രിസഭയുടെ കരട് പട്ടികയായെന്നാണ് സൂചന. 

ദില്ലി: രാജ്യത്തിന്‍റെ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവൽ തുടരും. ഇന്ന് ദില്ലിയിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റിൽ ഇനി ഏതൊക്കെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നതിൽ ദോവലുമായി കൂടിയാലോചിച്ചാകും അന്തിമമായി തീരുമാനമെടുക്കുക.

ദേശ സുരക്ഷാ നയം നിർണായകമാകും

നിലവിൽ ഉപ സുരക്ഷാ ഉപദേഷ്ടാവായ ആർ. എൻ. രവിയോ, വിദേശകാര്യവക്താവായിരുന്ന എസ് ജയശങ്കറിനെയോ ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റിലെ സുപ്രധാനപദവികളിലൊന്നിലേക്ക് കൊണ്ടുവന്നേക്കും എന്നാണ് സൂചന. ഇനി വരുന്ന സർക്കാരിന്‍റെ നിർണായക ചുമതലകളിലൊന്ന് പുതിയ ദേശ സുരക്ഷാ നയം രൂപീകരിക്കുക എന്നതാണ്. ബാലാകോട്ട് പ്രത്യാക്രമണവും ക്രിസ്ത്യൻ മിഷേൽ അടക്കമുള്ളവരെ വിചാരണയ്ക്കായി ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതും വിദേശകാര്യരംഗത്തും സുരക്ഷാ രംഗത്തും ഇന്ത്യ വിജയമാണെന്ന തോന്നൽ ജനിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇത് നിലനിർത്താൻ വിദഗ്‍ധരുടെ സഹായം ബിജെപിക്കാവശ്യമാണ്.

ദില്ലി പാർലമെന്‍റ് സ്ട്രീറ്റിലെ സർദാർ പട്ടേൽ ഭവനാകും ഇനി പിഎംഒയുടെ ഒരു സുപ്രധാന ചുമതല അടുത്ത അഞ്ച് വർഷത്തേക്ക് നിർണയിക്കുന്നത്. സുശക്തമായ ഒരു ദേശസുരക്ഷാ നയം അജിത് ദോവലിന്‍റെ നേതൃത്വത്തിൽ ഉടൻ പുറത്തുവരുമെന്നാണ് സൂചന.

റിസർച്ച് ആന്‍റ് അനാലിസിസ് വിങ് (റോ)യിലും ഇന്‍റലിജൻസ് ബ്യൂറോ (ഐബി) യിലും പുതിയ തലവൻമാർ വരും. അടുത്ത മാസത്തോടെ ഇരു ഏജൻസികളുടെയും തലവൻമാരായ അനിൽ ദസ്‍മാനയുടെയും രാജീവ് ജെയിനിന്‍റെയും കാലാവധി അവസാനിക്കാനിരിക്കുകയാണ്. രണ്ട് പേരും ഡിസംബർ 31 ന് വിരമിക്കാനിരുന്നതാണ്. ഇരുവർക്കും ആറ് മാസത്തെ കാലാവധി നീട്ടി നൽകുകയായിരുന്നു. 

കൊളംബോയിലെ മുൻ ഐബി തലവനായിരുന്ന കെ ഇളങ്കോ റോ തലവനായും ഐബി സ്പെഷ്യൽ ഡയറക്ടറായ അരവിന്ദ് കുമാറും എത്തുമെന്നാണ് അഭ്യൂഹം. തന്നെ അട്ടിമറിക്കാനായി ഇന്ത്യൻ സർക്കാർ സിരിസേനയെ സഹായിച്ചെന്നും അതിന് ഇടനില നിന്നത് ഇളങ്കോയാണെന്നും ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ നേരത്തേ ആരോപിച്ചിരുന്നതാണ്. 

പുതിയ ദേശസുരക്ഷാ നിയമം എങ്ങനെ വേണമെന്നതിൽ അജിത് ദോവലിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. പ്രതിരോധം, ആഭ്യന്തര സുരക്ഷ, ധനകാര്യം, ആണവോർജം, ബഹിരാകാശഗവേഷണം എന്നിവയിലൂന്നിയാകും പുതിയ ദേശസുരക്ഷാ നിയം. എസ്‍പിജിയുടെ ചുമതല എൻസ്എക്ക് നൽകുക, കാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് അംഗങ്ങൾ എന്നിവരെക്കൂടി പുതിയ നയരൂപീകരണത്തിനുള്ള സമിതികളിൽ ഉൾപ്പെടുത്തുക എന്നതും പുതിയ നയത്തിലുണ്ടാകുമെന്നാണ് സൂചന. 

അതേസമയം, കശ്മീരിൽ വളർന്നു വരുന്ന അശാന്തി, പാക് നയം, നാഗാ അതിർത്തിയിലെ വിഘടനവാദം, വിജയ് മല്യയെയും നീരവ് മോദിയെയും ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റവാളികളെ തിരിച്ചെത്തിക്കുന്നത്, ഐഎസ് ഭീഷണി എന്നിവ ദേശ സുരക്ഷാ സെക്രട്ടേറിയറ്റിന് മുന്നിലെ വെല്ലുവിളികളാണ്.

click me!