
ഭോപ്പാല്‍: രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ്സുകാരാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. കാര്‍ഷികമേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് ഭരണകര്‍ത്താക്കള്‍ യാതൊന്നും ചെയ്‌തിട്ടില്ല. ദാരിദ്ര്യം ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും ഗഡ്‌കരി പറഞ്ഞു.
പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമൊന്നും രാജ്യത്തെ ദാരിദ്യം തുടച്ചുനീക്കാന്‍ പ്രാപ്‌തരായിരുന്നില്ല. പിന്നെങ്ങനെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന് അതിന് സാധിക്കുക. കോണ്‍ഗ്രസ് കാരണമാണ് നമ്മുടെ രാജ്യത്ത് ദാരിദ്യമുണ്ടായത്. സ്വന്തം ദാരിദ്ര്യം ഇല്ലാതാക്കാന്‍ മാത്രമാണ് അവരുടെ നേതാക്കള്‍ ശ്രമിച്ചത്. ഗഡ്‌കരി പറഞ്ഞു.
നമ്മുടെ രാജ്യം സമ്പന്നമാണ്. പക്ഷേ, ജനങ്ങള്‍ ദരിദ്രരാണ്. കാര്‍ഷികവികസനത്തിനായി കോണ്‍ഗ്രസ് ഒന്നും തന്നെ ഇവിടെ ചെയ്‌തിട്ടില്ല. അതുകൊണ്ട് തന്നെ ഗോതമ്പിനെക്കാള്‍ വില ബിസ്‌കറ്റിനും പഴങ്ങളെക്കാള്‍ വില ജ്യൂസിനും കൊടുക്കേണ്ടി വരുന്നു എന്നും ഗഡ്‌കരി അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ബേതുളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്‌കരി.