'ആ വേദന എനിക്കറിയാം, നിങ്ങൾക്കൊപ്പമാണ് ഞാൻ', അമേഠി ജനതയ്ക്ക് രാഹുലിന്‍റെ തുറന്ന കത്ത്

By Web TeamFirst Published May 3, 2019, 6:57 PM IST
Highlights

”മെയ് ആറിന് നടക്കുന്ന വോട്ടെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത് നിങ്ങളുടെ കുടുംബാംഗമായി എന്നെ കൂട്ടണം” -രാഹുൽ കത്തിൽ കുറിച്ചു
 

ദില്ലി: അമേഠിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വൈകാരികമായ കത്തെഴുതി കോൺ​ഗ്രസ് അധ്യക്ഷൻ ​രാഹുൽ ​ഗാന്ധി. 'എന്‍റെ അമേഠി കുടുംബാം​ഗങ്ങളെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തിൽ‌ കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മണ്ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഉറപ്പ് നൽകുന്നു. അമേഠിയിലെ ദുർബലരും അശരണരുമായ ജനങ്ങളുടെ വേദന തനിക്ക് അറിയാമെന്നും അവർക്കുവേണ്ടി താൻ എന്നും ശബ്ദമുയർത്തുമെന്നും രാഹുൽ കത്തിൽ കുറിക്കുന്നു.

അധികാരത്തിലെത്തിയാൽ ബിജെപി തടഞ്ഞുവെച്ച പദ്ധതികൾ എല്ലാം തന്നെ പുനരാരംഭിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബിജെപി നുണ ഫാക്ടറികൾ നിർമ്മിക്കുകയാണെന്നും വോട്ടർന്മാരെ സ്വാധീനിക്കുന്നതിനുവേണ്ടി പണമൊഴുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.

अमेठी से कांग्रेस अध्यक्ष राहुल गाँधी का रिश्ता भावनात्मक तौर पर उतना ही मजबूत है, जितना परिवार के सदस्यों के बीच होता है। कांग्रेस अध्यक्ष का अपने अमेठी परिवार की जनता के नाम विनम्र सन्देश:- pic.twitter.com/9L6zYt40Al

— Congress (@INCIndia)

ബിജെപിയുടെ ആശയങ്ങൾ പത്തോ പതിനഞ്ചോ വ്യവസായികളെ സഹായിക്കാൻ വേണ്ടിയുള്ളത് മാത്രമുള്ളതാണെന്നും രാഹുൽ കത്തിൽ ആവർത്തിക്കുന്നുണ്ട്. ”മെയ് ആറിന് നടക്കുന്ന വോട്ടെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത് നിങ്ങളുടെ കുടുംബാംഗമായി എന്നെ കൂട്ടണം” -രാഹുൽ കത്തിൽ കുറിച്ചു.

ലാളിത്യവും, ഐക്യവും , സത്യസന്ധതയുമാണ് അമേഠിയുടെ ശക്തിയെന്നും രാഹുൽ പറയുന്നു. അമേഠിയിലെ എല്ലാ കുടുംബങ്ങളിലും കത്ത് എത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. 2004 മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് അമേഠി.

2014ൽ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് രാഹുൽ ഗാന്ധി വിജയിച്ച മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി ശക്തയായ എതിരാളിയായി മാറിയിട്ടുണ്ട്. അതേസമയം അമേഠിയെ കൂടാതെ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ട്. പരാജയഭീതി കൊണ്ടാണിതെന്നാണ് ബിജെപി ആരോപിക്കുന്നത്.
 

click me!