സ്ഥാനാര്‍ത്ഥി നിര്‍ണയം; ബിജെപിയില്‍ തര്‍ക്കമില്ല, ഉള്ളത് അഭിപ്രായ വ്യത്യാസം മാത്രമെന്ന് പികെ കൃഷ്ണദാസ്

By Web TeamFirst Published Mar 3, 2019, 3:30 PM IST
Highlights

ജനാധിപത്യ പാർട്ടി എന്ന നിലയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് ബിജെപിയിൽ തർക്കങ്ങൾ ഇല്ലെന്ന് ബിജെപി നേതാവ്  പി കെ കൃഷ്ണദാസ്. ജനാധിപത്യ പാർട്ടി എന്ന നിലയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും കൃഷ്ണദാസ് കൊച്ചിയില്‍ പറഞ്ഞു. പാർട്ടി പറഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഡിജെഎസ് ഘടക കക്ഷി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. 

കോൺഗ്രസ്‌ മാർക്സിസ്റ്റ്‌ സഖ്യം കേരളത്തിലും വേണമെന്നായിരുന്നു കേന്ദ്ര തീരുമാനം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത് വ്യക്തമാക്കിയതാണ്. തൃശൂരില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം കോണ്‍ഗ്രസ് - മാര്‍ക്സിസ്റ്റ് സഖ്യത്തിനുള്ള തെളിവാണ്. ഇതു സംബന്ധിച്ച് കോൺഗ്രസ്‌ മാർക്സിസ്റ്റ്‌ നേതാക്കൾ നിലപാട് വ്യക്തമാക്കണം. തന്‍റേടം ഉണ്ടെങ്കിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തണമെന്നും കൃഷ്ണദാസ് വെല്ലുവിളിച്ചു. 

പാകിസ്ഥാനെയും ജെയ്ഷെ മുഹമ്മദിനെയും പിന്തുണക്കാൻ തയ്യാറായ ഏക നേതാവാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീകരവാദികൾക്ക് അനുകൂലമായ നിലപാടെടുത്ത സിപിഎം മത കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ യുഡിഫ് നേതാക്കൾ ആരും പ്രതികരിച്ചില്ല. കോടിയേരിയുടെ രാജ്യദ്രോഹ പ്രസംഗത്തിന്  എതിരെ ചെന്നിത്തല പ്രതികരിക്കാതിരുന്നത് അവിശുദ്ധ കൂട്ട് കെട്ടിന്‍റെ ഉദാഹരണമാണെന്നും കൃഷ്ണദാസ് ആരോപിച്ചു. 

മാർക്സിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും ഉണ്ടായേക്കാം. കർഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയിൽ കര്‍ഷകര്‍ക്ക്  അനുകൂല നിലപാട് സ്വീകരിച്ച സിപിഎം കേരളത്തില്‍ എന്തു ചെയ്തുവെന്നും കൃഷ്ണദാസ് ചോദിച്ചു. എകെജി സെന്‍ററിലേക്ക് മാർച്ച് നടത്താൻ കര്‍ഷകര്‍ തയ്യാറാകണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. 

click me!