പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് നേതാവും ബിജെപിയിലെത്തില്ല: ചെന്നിത്തല

By Web TeamFirst Published Mar 23, 2019, 12:12 PM IST
Highlights

വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം: പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് ബിജെപിയിലെത്തുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. 

വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പങ്ങളുമില്ല. ആലപ്പുഴയിലെ കൺവെൺഷനിൽ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തര്‍ക്കം നിലനിന്നിരുന്ന വടകരയില്‍ കെ മുരളീധരന്‍റെയും വയനാട്ടില്‍ ടി സിദ്ദിഖിന്‍റെയും പേരുകള്‍ കെപിസിസി അധ്യക്ഷന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും ഹൈക്കമാന്‍റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍റ് തീരുമാനിക്കും മുമ്പ് രണ്ടു സീറ്റിലെയും സ്ഥാനാർത്ഥികളുടെ പേര് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിൽ എഐസിസിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് കേന്ദ്ര  നേതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. 

ഇന്ന് പുലർച്ചെ സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക പാർട്ടി പുറത്തിറക്കിയെങ്കിലും രണ്ടു സീറ്റിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്നലെ രണ്ടു വട്ടം തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. രാഹുൽ ഗാന്ധി രണ്ടു ദിവസമായി ദില്ലിയിൽ ഉണ്ടായിരുന്നിട്ടും വയനാട്, വടകര മണ്ഡലങ്ങളിലെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതെന്തുകൊണ്ടാണെന്നാണ് സംശയമുയരുന്നത്.

click me!