എം ബി രാജേഷിന്‍റെ തോൽവിക്ക് പിന്നിൽ തന്‍റെ കരങ്ങളില്ലെന്ന് പി കെ ശശി

By Web TeamFirst Published May 24, 2019, 7:16 PM IST
Highlights

ശക്തമായ അടിത്തറയുള്ള  പാലക്കാട്ടെ അപ്രതീക്ഷിത തോൽവിയെക്കുറിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി വ്യക്തമാക്കി.

പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ അപ്രതീക്ഷിത തോൽവിയിൽ പങ്കില്ലെന്ന് ഷൊർണൂർ എംഎൽഎ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും പി കെ ശശി വ്യക്തമാക്കി.

എം ബി രാജേഷിന്‍റെ  തോൽവിക്ക് പിന്നിൽ തന്‍റെ കരങ്ങളല്ല. മണ്ണാർക്കാട്ടെ നിയോജക മണ്ഡലത്തിൽ എം ബി രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി കെ ശശി പറഞ്ഞു.  

തന്‍റെ മണ്ഡലമായ ഷൊർണൂരിൽ രാജേഷിനായി പ്രവർത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ശക്തമായ അടിത്തറയുള്ള  പാലക്കാട്ടെ അപ്രതീക്ഷിത തോൽവിയെക്കുറിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി വ്യക്തമാക്കി.

ശശിക്കെതിരെ ഉയർന്ന ലൈഗികാരോപണ പരാതിയിലടക്കം മറ്റ് പല വിഷയങ്ങളിലും പി കെ  ശശിയും എം ബി രാജേഷും രണ്ട് ചേരിയിലായിരുന്നു. ജില്ലയിലെ ശക്തരായ രണ്ട് നേതാക്കൾ തമ്മിലുളള അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും ജില്ലാ ഘടകത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.

എന്നാൽ പാർട്ടിയിൽ ഒരു തരത്തിലുമുള്ള വിഭാഗീയതയുമില്ലെന്നും അത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും പി കെ ശശി പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ നഷ്ടമായതാണ് തോൽവിക്ക് കാരണമെന്നായിരുന്നു എം ബി രാജേഷിന്‍റെ ആദ്യ പ്രതികരണം. ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊർണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. 

click me!