സിപിഎമ്മിന് തിരിച്ചടി; മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റ് നിഷേധിച്ചു; സഖ്യത്തിൽ നിന്ന് പിൻമാറി പാർട്ടി

By Web TeamFirst Published Mar 16, 2019, 12:26 PM IST
Highlights

പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയിലും ബിഹാറിലും സിപിഎമ്മിന് തിരിച്ചടിയാണ്. ആവശ്യപ്പെട്ട സീറ്റുകൾ കിട്ടിയില്ല. 

മുംബൈ: മഹാരാഷ്ട്രയിലെയും ബിഹാറിലെയും വിശാലപ്രതിപക്ഷ സഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപേ സിപിഎം ഉണ്ടാകില്ലെന്ന് ഉറപ്പായി. വിജയസാധ്യതയുള്ള സീറ്റുകൾ നിഷേധിച്ചതിനാൽ ഇരു സംസ്ഥാനങ്ങളിൽ നിന്നും പ്രതിപക്ഷ സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറി. ഇരുസംസ്ഥാനങ്ങളിലും സിപിഎം ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

മഹാരാഷ്ട്രയിൽ എൻസിപി സിപിഎമ്മിന് ദിൻഡോറി സീറ്റ് നിഷേധിച്ചു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ നാഷിക് ജില്ലയിലെ ദിൻഡോറി സീറ്റ് എൻസിപിക്ക് നൽകാമെന്നായിരുന്നു ധാരണയായിരുന്നത്. എന്നാൽ വിജയസാധ്യതയുള്ള ഈ സീറ്റ് വേണമെന്ന് സിപിഎം ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ കാർഷികമേഖലയിലുള്ള പ്രധാനസീറ്റുകളിലൊന്നാണ് ദിൻഡോറി. കഴിഞ്ഞ മൂന്ന് തവണയും ഇവിടെ ജയിച്ചത് ബിജെപിയാണ്. 

കർഷകപ്രക്ഷോഭങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ കിസാൻ സഭയിലൂടെ സിപിഎമ്മിന് ഇവിടെ നല്ല സ്വാധീനമുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം ഈ സീറ്റ് ചോദിച്ചത്. മണ്ഡലത്തിൽ കനത്ത ഭരണവിരുദ്ധവികാരമുണ്ടെന്നും സിപിഎം വിലയിരുത്തിയിരുന്നു. എന്നാൽ ഈ സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഈ സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

ബീഹാറിൽ ഉജിയാർപുർ സീറ്റും സിപിഎമ്മിന് നൽകില്ലെന്ന് ആർജെഡി ഉറച്ച നിലപാടെടുത്തതോടെ അവിടെയും സഖ്യം പാളി. ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഎം തീരുമാനിച്ചു.

click me!