കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ വടക്കൻ കേരളം ചർച്ച ചെയ്തത് കൊലപാതക രാഷ്ട്രീയം

By Web TeamFirst Published Apr 20, 2019, 6:41 AM IST
Highlights

 കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന വിധം വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയായിരുന്നു യുഡിഎഫിന്‍റെ വലിയ കടന്നാക്രമണം. അതേ സമയം, കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇരയെന്ന വിധമാണ് ജയരാജനെ ഇടത് മുന്നണി അവതരിപ്പിച്ചത്

കണ്ണൂര്‍: പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം അവശേഷിക്കേ വടക്കന്‍ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ചര്‍ച്ചയായത് കൊലപാതക രാഷ്ട്രീയം. ശബരിമല വിഷയത്തിലെ ബിജെപിയുടെ പ്രചാരണത്തിന് മണ്ഡലങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

കാസര്‍കോഡ് കല്യാട്ടെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകം, കണ്ണൂരില്‍ ശുഹൈബ്, അരിയില്‍ ഷുക്കൂര്‍ വധം, ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ഒപ്പം വടക്കന്‍ കേരളത്തിലെ മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളും വടകരയില്‍ യുഡിഎഫ് മുഖ്യപ്രചാരണായുധമാക്കി.

കൊലപാതകങ്ങളുടെ സൂത്രധാരന്‍ എന്ന വിധം വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയായിരുന്നു യുഡിഎഫിന്‍റെ വലിയ കടന്നാക്രമണം. ഇടത് മുന്നണിയെ വിജയിപ്പിക്കുന്നത് കൊലപാതക രാഷ്ട്രീയത്തിനുള്ള അംഗീകാരമാകുമെന്നും പ്രചാരണമുണ്ടായി.

അതേ സമയം, കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇരയെന്ന വിധമാണ് ജയരാജനെ ഇടത് മുന്നണി അവതരിപ്പിച്ചത്. വെട്ടേറ്റ കൈ വോട്ടര്‍മാര്‍ക്ക് മുന്നിലുയര്‍ത്തിയാണ് ജയരാജന്‍റെ വോട്ടഭ്യര്‍ത്ഥന. പ്രചാരണത്തിന് യുഡിഎഫ് വര്‍ഗീയ കക്ഷികളെ കൂട്ടുതേടുന്നുവെന്ന ആരോപണവും സിപിഎം ഉന്നയിച്ചു.

മലപ്പുറം ഡിസിസി ഓഫീസില്‍ ദുരൂഹസാഹചര്യത്തില്‍ രാധയെന്ന സ്ത്രീ മരിച്ചതും സോളാര്‍ വിവാദവുമൊക്കെ യുഡിഎഫിനെതിരെ ആദ്യ ഘട്ടത്തില്‍ ഉന്നയിച്ചെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നതിലേക്ക് ഇടത് മുന്നണി പിന്നീട് തിരിയുകയായിരുന്നു.

അതേ സമയം അവസാന ഘട്ടത്തില്‍ ശബരിമല ബിജെപി പ്രചാരണ വിഷയമാക്കിയെങ്കിലും വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ കാര്യമായ ചര്‍ച്ചയായില്ല. ഇതോടെ കാസര്‍കോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ആര്‍എസ്എസിനെതിരെ ഉയര്‍ന്ന കൊലപാതക രാഷ്ട്രീയ ആരോപണത്തെ പ്രതിരോധിക്കുന്നതില്‍ ബിജെപിക്ക് അധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായും വന്നു. പാലക്കാട് മണ്ഡലത്തില്‍ മാത്രമാണ് വിഷയം കുറച്ചെങ്കിലും സജീവമാക്കാന്‍ ബിജെപിക്ക് സാധിച്ചത്. 

click me!