
വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും പങ്കെടുക്കും.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്‍റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും.
നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്.
'എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല... നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പ്രിയങ്ക എന്ത് പറയുന്നമെന്ന കാര്യത്തില്‍ വലിയ ആകാംക്ഷയിലാണ് വയനാടും കേരളമാകെയും. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന് താന്‍ പറഞ്ഞത് രാഹുല്‍ കൃത്യമായി പാലിച്ചിരുന്നു. അതേ നിലപാടാണോ പ്രിയങ്കയുടേതെന്നും ഇന്ന് വ്യക്തമാകും.