
ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഗുരുതര ആരോപണങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിലെ രണ്ട് മണ്ഡങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ ചില ബൂത്തുകളില്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുന്ന ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഒമര്‍ അബ്ദുള്ള ആരോപിക്കുന്നത്.
ഇവിഎം മെഷ്യനിലെ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിയിക്കുന്ന വീഡിയോയും ഒമര്‍ അബ്ദുള്ള പുറത്ത് വിട്ടിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പുഞ്ച് പ്രദേശത്തെ ചില ബൂത്തുകളില്‍ പോളിംഗ് നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയും വന്നു. ജമ്മുവില്‍ തന്നെ ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ ബിഎസ്എഫ് നടത്തുന്ന അതിക്രമം വെളിവാക്കുന്ന വീഡിയോ ആണ് പിഡപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂഹ മുഫ്തി പുറത്ത് വിട്ടത്.
ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെ എതിര്‍ത്ത വോട്ടറെ ബിഎസ്എഫ് കയ്യേറ്റം ചെയ്തതായും പിഡപി നേതാവ് ആരോപിച്ചു. അതേസമയം, ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകമാണ്. വൈഎസ്ആർ കോൺഗ്രസിന്‍റെയും ടിഡിപിയുടെ പ്രവർത്തകർ മിക്കയിടങ്ങളിലും ഏറ്റുമുട്ടി.
സംഘർഷത്തിൽ ഗുണ്ടൂരിൽ പോളിങ് ബൂത്ത് തകർന്നു. അനന്ത്പൂരിൽ ജനസേന സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ് തടസപ്പെട്ട 30 ശതമാനം ബൂത്തുകളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റീ പോളിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രയിൽ 362 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.