
ദില്ലി: നാമനിര്‍ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഒപ്പം പൂജ നടത്തി സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഓഫീസില്‍ ഹോമകുണ്ഡം കൂട്ടിയായിരുന്നു പൂജ. തെരഞ്ഞെെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
പ്രിയങ്കയുടെ മക്കളായ റായ്ഹാനും മിരായയും പൂജയിൽ സംബന്ധിച്ചു. സോണിയക്കൊപ്പം റായ്‌ബറേലിയിൽ എത്തുന്ന പ്രിയങ്ക റോഡ് ഷോ നടത്തിയേക്കും. സോണിയ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്‍ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.
2004, 2006 ഉപതെരഞ്ഞെടുപ്പിലും 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും സോണിയ ഗാന്ധി ഇതേ മണ്ഡലത്തിലാണ് മത്സരിച്ച് വിജയിച്ചത്. 2014-ലെ തെരഞ്ഞെടുപ്പിൽ 15.94 ലക്ഷം വോട്ടർമാരുള്ള റായ്ബറേലി മണ്ഡലത്തിൽനിന്ന് 5,26,434 വോട്ട് നേടിയാണ് സോണിയ ഗാന്ധി വിജയിച്ചത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എസ്‍പി - ബിഎസ്‍പി സഖ്യം റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സ്ഥാർത്ഥികളെ നിർത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം അമേഠിയില്‍ രാഹുല്‍ ഗാന്ധിയും നാമനിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമ നിർദ്ദേശപത്രിക സമർപ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.