മാണിയെ ചൊടിപ്പിച്ചത് രഹസ്യ കൂടിക്കാഴ്ച; കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിക്ക് പിന്നിൽ ഉമ്മന്‍ചാണ്ടി?

By Web TeamFirst Published Mar 12, 2019, 5:21 PM IST
Highlights

ഉമ്മൻചാണ്ടിക്ക് കോട്ടയത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്നും അതിനു വേണ്ടി പിജെ ജോസഫിനെ മുന്നിൽ നിര്‍ത്തി കളിക്കുന്ന നാടകമാണെന്നുമാണ് കേരളാ കോൺഗ്രസ് എം നേതാക്കളിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്.

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരളാ കോൺഗ്രസിനെ പൊട്ടിത്തെറിയുടെ വക്കോളമെത്തിച്ച് നിര്‍ത്തിയതിന് പിന്നിൽ ഉമ്മൻചാണ്ടിക്കും പങ്കെന്ന് സൂചന. കേരളാ കോൺഗ്രസിന് ഒരു സീറ്റ് മാത്രമെ നൽകാനാകൂ എന്ന് ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായ ശേഷവും സ്ഥാനാര്‍ത്ഥിയാകണമെന്ന നിലപാടിൽ ഉറച്ച് നിന്ന പിജെ ജോസഫുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. അതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് വേണ്ടിയുള്ള കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നതിന് തൊട്ട് മുൻപ്. 

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ നാട്ടകം ഗസ്റ്റ് ഹൗസിൽ നടന്ന ഉമ്മൻചാണ്ടി പിജെ ജോസഫ് രഹസ്യ കൂടിക്കാഴ്ച കെഎം മാണിയെയും മാണിയെ അനുകൂലിക്കുന്ന കേരളാ കോൺഗ്രസ് നേതാക്കളെയും ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. ഇതെ തുടര്‍ന്നാണ് കെഎം മാണി ജോസഫിനെതിരായ നിലപാട് കടുപ്പിച്ചതും തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാൻ കേരളാ കോൺഗ്രസ് എം തയ്യാറായതും എന്നാണ് വിവരം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലും പിജെ ജോസഫിനെതിരെ ഒരാളുപോലും എതിര്‍സ്വരം ഉയര്‍ത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും മണ്ഡലത്തിന് പുറത്ത് നിന്ന് ഒരാളെ കോട്ടയത്ത് മത്സരിക്കാൻ അനുവദിക്കരുതെന്ന് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി പറഞ്ഞെന്ന പേരിൽ ജോസഫിനെ ഒഴിവാക്കാൻ പൊടുന്നനെ കെഎം മാണിയും ജോസ് കെ മാണിയും തീരുമാനിച്ചതിന് പിന്നിലും ഉമ്മൻചാണ്ടി പിജെ ജോസഫ് കൂടിക്കാഴ്ചയും അതിലുള്ള അതൃപ്തിയും മൂലമാണ്.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെത്തിയ ശേഷവും കോൺഗ്രസ് നേതാക്കൾ തിരിച്ചെത്തി നടത്തുന്ന ചര്‍ച്ചകളിലാണ് പിജെ ജോസഫിന്‍റെ പ്രതീക്ഷ. കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കത്തിനൊടുവിൽ താൻ ഇടുക്കിയിൽ സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോട് പങ്കുവയ്ക്കുന്നുമുണ്ട്. 

കെഎം മാണിയേക്കാൾ പിജെ ജോസഫിനോട് കോൺഗ്രസ് നേതാക്കൾക്കുള്ള മമതയും ഒളിഞ്ഞും തെളിഞ്ഞും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അടുക്കാനാകാത്ത അകലത്തിലേക്ക് മാണിയും ജോസഫും നീങ്ങിയിട്ടും ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ടവരുമായെല്ലാം ചര്‍ച്ച ചെയ്യുമെന്നും കാര്യങ്ങളിൽ ഉചിതമായ തീരുമാനം ഉണ്ടാക്കുമെന്നും ഉമ്മൻചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനെയും മാണി ക്യാമ്പ് കാണുന്നത് തെല്ലൊരു സംശയത്തോടെയാണ്.

ഉമ്മൻചാണ്ടിക്ക് കോട്ടയത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്നും അതിനു വേണ്ടി പിജെ ജോസഫിനെ മുന്നിൽ നിര്‍ത്തി കളിക്കുന്ന നാടകമാണെന്നുമാണ് കേരളാ കോൺഗ്രസ് എം നേതാക്കളിൽ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. മാണി ജോസഫ് തര്‍ക്കത്തിൽ ജോസഫിനൊപ്പം നിന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന കരുനീക്കങ്ങളും ഇതിന്‍റെ ഭാഗമാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു.

മാണിയും ജോസഫും തമ്മിലെ അകൽച്ച മാറ്റാൻ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കാമെന്ന ഫോര്‍മുലയാകും കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കാനിറങ്ങിയാൽ മറുത്തൊന്നും പറയാൻ കെഎം മാണിക്ക് കഴിയാതെയും വരും. മത്സരിക്കാനില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹൈക്കമാന്‍റ്  നിര്‍ബന്ധത്തിന്‍റെ പേര് പറഞ്ഞ് കോട്ടയത്ത് മത്സരത്തിനിറങ്ങാനുള്ള സാധ്യതയും കേരളാ കോൺഗ്രസ് എം തള്ളിക്കളയുന്നില്ല 

click me!