വോട്ടിങ് മെഷീനില്‍ താമര ചിഹ്നത്തിന് താഴെ പാര്‍ട്ടിയുടെ പേര്; ബിജെപിക്കെതിരെ പരാതി

By Web TeamFirst Published Apr 28, 2019, 5:48 PM IST
Highlights

ചിഹ്നത്തിന് താഴെ ബിജെപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി കാണാമെന്നും ഒരു പാര്‍ട്ടിക്കും ഇത്തരത്തില്‍ അവകാശമില്ലെന്നും അഭിഷേക് മനു സിങ്‍വി പറഞ്ഞു.

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ താമര ചിഹ്നത്തിന് താഴെ ബിജെപിയുടെ പേര് രേഖപ്പെടുത്തിയതായി ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇവിഎം മെഷീനില്‍ ബിജെപി ചിഹ്നമായ താമരയ്ക്ക് താഴെയായി ബിജെപി എന്നെഴുതിയിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. 

പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംങ്‍വി, ദിനേഷ് ത്രിവേദി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഡെരക് ഒബ്രിയന്‍ എന്നിവരുടെ പ്രതിനിധി സംഘമാണ് നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ സമീപിച്ചിരിക്കുന്നത്. ബിജെപിയുടെ പേര് ഇവിഎം മെഷീനില്‍ നിന്ന് നീക്കം ചെയ്യണം അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പേര് കൂടി മെഷീനില്‍ ഉള്‍പ്പെടുത്തണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 

ചിഹ്നത്തിന് താഴെ ബിജെപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി കാണാമെന്നും ഒരു പാര്‍ട്ടിക്കും ഇത്തരത്തില്‍ അവകാശമില്ലെന്നും അഭിഷേക് മനു സിങ്‍വി പറഞ്ഞു. മമതാ ബാനര്‍ജിയും ബിജെപിക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. 

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം വസ്തുതാപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2013-ല്‍ തങ്ങളുടെ ചിഹ്നത്തിന്‍റെ ഔട്ട്‍ലൈന്‍ നേര്‍ത്തതാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് താമര ചിഹ്നത്തിന്‍റെ ഔട്ട്‍ലൈന്‍  കടുപ്പിച്ചു. താമര നില്‍ക്കുന്ന വെള്ളവും ഇതോടെ കടുപ്പിക്കേണ്ടി വന്നു. വെള്ളം എഫ് പി എന്നീ അക്ഷരങ്ങളിലായാണ് കാണുന്നത്. എന്നാല്‍ ഇത് ബിജെപി എന്നീ അക്ഷരങ്ങളായി വ്യാഖ്യാനിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. 

click me!