പൊലീസ് ബാലറ്റ് തിരിമറി: അന്വേഷണത്തിൽ തൃപ്തിയില്ല, ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

By Web TeamFirst Published May 10, 2019, 1:56 PM IST
Highlights

വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയാണ്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും.

പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക,  തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഫെസിലിറ്റേഷന്‍ സെന്‍റ‍ർ വഴി വോട്ട് രേഖപ്പെടുത്താൻ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയാണ്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ തിരിമറി നടന്നിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നല്‍കിയിരുന്നു.

എന്നാൽ ഇത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അന്ന് നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ്  ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നത്. അതിനാൽ കേസ്  അട്ടിമറിക്കപ്പെടാനുള്ള  സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

click me!