തൂക്ക് സഭയെങ്കിൽ നിർണായക നീക്കവുമായി പ്രതിപക്ഷം രാഷ്ട്രപതിയെ കാണുമെന്ന് റിപ്പോർട്ട്

By Web TeamFirst Published May 8, 2019, 8:42 AM IST
Highlights

മതേതര സർക്കാർ അധികാരത്തിലെത്തുമെങ്കിൽ കോൺഗ്രസ് പ്രധാനമന്ത്രി പദത്തിന് വാശി പിടിക്കില്ലെന്ന സൂചന ശക്തമാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലും എ കെ ആന്‍റണി പറഞ്ഞത്, മോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതിനാണ് അല്ലാതെ പ്രധാനമന്ത്രി പദത്തിനല്ല ആദ്യപരിഗണന, എന്നാണ്. 

ദില്ലി: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞു. സീറ്റിന്‍റെ എണ്ണക്കണക്ക് സംബന്ധിച്ച് കൂട്ടലിലും കിഴിക്കലിലുമാണ് എൻഡിഎയും മറുവശത്ത് പ്രതിപക്ഷവും. ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന ആദ്യഘട്ടങ്ങളിൽ നിന്ന് പുറത്തുവരുമ്പോൾ, നിർണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തൂക്ക് സഭ വന്നാൽ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന. 

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ഒപ്പുവച്ച കത്തും ഇതോടൊപ്പം കൈമാറാനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അങ്ങനെയെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് വാശി പിടിക്കില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. രാഹുൽ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് പറയാതെ പറയുന്ന നിലപാടിൽ നിന്ന് പതുക്കെ കോൺഗ്രസ് പിൻമാറുകയാണ്. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതിനാകും ഫലം വന്ന ശേഷം കോൺഗ്രസിന്‍റെ ആദ്യ പരിഗണനയെന്നും, ആ സംയുക്ത നീക്കത്തിന്‍റെ നേതൃത്വം ആർക്കാകും എന്ന് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നുമാണ് എഐസിസി പ്രവർത്തകസമിതി അംഗം എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

എ കെ ആന്‍റണിയുമായി വിനു വി ജോണും പ്രശാന്ത് രഘുവംശവും നടത്തിയ അഭിമുഖത്തിന്‍റെ പൂർണരൂപം:

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും വിശ്വസ്തനായ രാം മാധവ് വിദേശമാധ്യമമായ 'ബ്ലൂംബർഗി'ന് നൽകിയ അഭിമുഖത്തിൽ ബിജെപി ഒറ്റയ്ക്ക് തന്നെയോ, അല്ലെങ്കിൽ സഖ്യ കക്ഷികൾക്കൊപ്പമോ കേവലഭൂരിപക്ഷം തികയ്ക്കുമെന്നാണ് പറഞ്ഞത്.

'മോദി സുനാമി' എന്ന് ബിജെപി നേതാക്കളെല്ലാം അവകാശപ്പെടുമ്പോഴാണ് രാം മാധവ് വൻ വിജയം പ്രവചിക്കാതെ സംസാരിക്കുന്നത്. അഞ്ചാം ഘട്ടം കഴിഞ്ഞപ്പോൾ, 543-ൽ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് കണക്കുകൾ അത്ര അനുകൂലമല്ലെന്ന് ബിജെപി കണക്കുകൂട്ടുന്നത്.

രാംമാധവുമായി ബ്ലൂംബർഗ് നടത്തിയ അഭിമുഖം:

ഇതിനിടെ, മൂന്നാം മുന്നണിക്കുള്ള നീക്കങ്ങളും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ സജീവമാണ്. സംസ്ഥാനനിയമസഭ നേരത്തേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി, നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച ചന്ദ്രശേഖർ റാവുവിന്‍റെ ലക്ഷ്യം ഇനി ഇന്ദ്രപ്രസ്ഥമാണെന്ന് വ്യക്തം. ബിജെപി - കോൺഗ്രസ് - ഇതര സർക്കാർ ലക്ഷ്യമിട്ടാണ് ചർച്ചകൾ.

മുഖ്യമന്ത്രി പിണറായി വിജയനുമായി തിങ്കളാഴ്ച കെസിആർ കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, കെസിആറിന്‍റെ ഫെഡറൽ മുന്നണി നീക്കത്തിന് തല്ക്കാലം പ്രസക്തിയില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിനാകട്ടെ, കെസിആറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഉപതെരഞ്ഞെടുപ്പിന്‍റെ തിരക്കാണെന്നായിരുന്നു സ്റ്റാലിന്‍റെ ഔദ്യോഗിക വിശദീകരണമെങ്കിലും ബിജെപിയുടെ ബി ടീമായ കെസിആറിനോടുള്ള അതൃപ്തി തന്നെയാണ് കൂടിക്കാഴ്ച റദ്ദാക്കാൻ കാരണമെന്നത് വ്യക്തം. 

കെസിആറിന്‍റേത് വിലപേശൽ തന്ത്രമാണെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടൽ. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരുമ്പോൾ കോൺഗ്രസ് - ബിജെപി - ഇതര മുന്നണികളെ ഒന്നിപ്പിക്കുന്നത്, ആത്യന്തികമായി ബിജെപിയെത്തന്നെയാണ് സഹായിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അധികാരം വാഗ്ദാനം ചെയ്ത്, ബിജെപിക്ക് ഈ ഫെഡറൽ മുന്നണിയെ കൂടെക്കൂട്ടാം. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനാണ് രാഹുലിനെ ആദ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ നേതാവെന്നതും മറന്നുകൂടാ. 

543 അംഗ ലോക്സഭയിൽ 272 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. 1984-ലെ രാജീവ് ഗാന്ധി സർക്കാരിന് ശേഷം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു പാർട്ടി ഈ മാന്ത്രികസംഖ്യ ഒറ്റക്ക് മറികടന്ന് വൻ ഭൂരിപക്ഷം നേടിയത്.

ബിജെപിക്ക് മാത്രം കിട്ടിയത് 282 സീറ്റുകൾ. എൻഡിഎയുടെ മൊത്തം ഭൂരിപക്ഷം 336 സീറ്റുകൾ. കൂട്ടുകക്ഷി സർക്കാരുകളുടെ കാലം തൽക്കാലത്തേക്ക് അവസാനിപ്പിച്ചുകൊണ്ടാണ് മോദി അധികാരത്തിൽ വന്നത്. അതേ മോദിയെ പുറത്താക്കാൻ സംയുക്ത പ്രതിപക്ഷത്തിനൊപ്പം രാഹുലിന്‍റെ കോൺഗ്രസും ഒപ്പം നിൽക്കുമെന്ന സൂചനകൾ ശക്തമാകുമ്പോൾ, മെയ് 23-ന് വരാനിരിക്കുന്ന ഫലം, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ നിർണായകമാകുമെന്നുറപ്പ്. 

click me!