
ഇന്ത്യയിൽ ബിജെപി സർക്കാർ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ. പാകിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപിയെ എതിർക്കുന്നത് എന്ന് മോദി നേരത്തേ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇമ്രാൻ ഖാന്‍റെ പ്രസ്താവന കോൺഗ്രസും മറ്റു പാർട്ടികളും ആയുധമാക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപി അടക്കമുള്ള വലതുപക്ഷം ആക്രമിക്കുമെന്ന ഭീതിയിൽ കശ്മീർ ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായേക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രസ്താവന.
മോഡിയോടാണ് പാകിസ്താന് താല്പര്യം എന്നാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം. മോഡി വിജയിക്കുമെന്ന് കരുത്തുന്നുവെന്ന ഇമ്രാൻ ഖാന്‍റെ പ്രസ്താവന ഇതിന് തെളിവാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. മോദി തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും പാകിസ്ഥാനിൽ മോദിയുടെ വിജയപ്പടക്കം പൊട്ടില്ലെന്നും സുർജേവാല പറഞ്ഞു.
പാകിസ്ഥാൻ ബിജെപി സഖ്യകക്ഷിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്ന് സുർജേവാല ട്വീറ്റ് ചെയ്തു. മോദിക്ക് വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നാണ് ഇമ്രാൻ ഖാൻ പറയുന്നതെന്നും സുർജേവാല പരിഹസിച്ചു. ആദ്യം നവാസ് ഷെരീഫ്, ഇപ്പോൾ ഇമ്രാൻ ഖാൻ മോദിയുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന രഹസ്യം പുറത്തായിരിക്കുന്നുവെന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു.
മോദിയുടെ വിജയത്തിനായി പാകിസ്ഥാൻ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് മോദി വെളിപ്പെടുത്തണം എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം. പാകിസ്ഥാനുമായുള്ള മോദിയുടെ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് രാജ്യത്തോട് പറയണം. മോദി ജയിച്ചാൽ പാകിസ്ഥാനിൽ പടക്കം പൊട്ടുമോ എന്ന് എല്ലാ ഇന്ത്യാക്കാരും അറിയണം, കെജ്‍രിവാൾ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇമ്രാൻ ഖാന്‍റെ പ്രസ്താവന മോദിയെ ആക്രമിക്കാനുള്ള ആയുധമാക്കി. പാകിസ്ഥാനും പാകിസ്ഥാൻ അനുകൂലികളും മാത്രമാണ് ബിജെപി തോൽക്കണമെന്ന് ആഗ്രഹിക്കുന്നത് എന്നാണ് മോദി സാഹിബ് പറഞ്ഞു നടക്കുന്നത്. പക്ഷേ ഇമ്രാൻ ഖാൻ പറയുന്നത് മോദിയെ വീണ്ടും വിജയിപ്പിക്കണമെന്നാണ് എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.
ചൗക്കീദാർ ഇമ്രാൻ ഖാൻ എന്ന ട്വിറ്റർ ഹാൻഡിൽ എന്ന് കാണാനാകുമെന്നും ഒമർ അബ്ദുള്ള പരിഹസിച്ചു.
മുൻ ബിജെപി സഖ്യകക്ഷി ആയിരുന്ന പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പരിഹാസം ഇങ്ങനെ. ഇമ്രാൻ ഖാനെ എതിർക്കണോ പുകഴ്ത്തണോ എന്നറിയാതെ മോദി ഭക്തന്‍മാർ ഇപ്പോൾ അന്ധാളിച്ച് തല ചൊറിയുകയാണ് എന്നായിരുന്നു.