ഇമ്രാൻ ഖാന്റെ ആ​ഗ്രഹം സഫലമാകാൻ അനുവദിക്കരുത്; വോട്ടർമാരോട് അസദുദ്ദിൻ ഒവൈസി

By Web TeamFirst Published Apr 11, 2019, 1:42 PM IST
Highlights

വോട്ട് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നിലപാടെടുക്കാൻ കഴിയണമെന്നും വോട്ടർമാരോട് ഒവൈസി പറഞ്ഞു.

ദില്ലി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആഗ്രഹം സഫലമാകാൻ അനുവദിക്കരുതെന്ന് വോട്ടർമാരോട്  മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. വോട്ട് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നിലപാടെടുക്കാൻ കഴിയണമെന്നും വോട്ടർമാരോട് ഒവൈസി പറഞ്ഞു.

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാൻ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപി അടക്കമുള്ള വലതുപക്ഷം ആക്രമിക്കുമെന്ന ഭീതിയിൽ കശ്മീർ ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറായേക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്‍റെ പ്രസ്താവന.  ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വോട്ടർമാരോട്  നിർദ്ദേശവുമായി ഒവൈസി രം​ഗത്തെത്തിയത്. രാജ്യത്ത് ഇന്നു നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് ഒവൈസി ജനവിധി തേടുകയാണ്. ബിജെപിയുടെ ജെ ഭഗ് വന്ത് റാവു ആണ് ഇവിടെ ഒവൈസിയുടെ എതിരാളി.

click me!