'ഞാന്‍ ആദ്യമായല്ല പരിഭാഷപ്പെടുത്തുന്നത്'; പ്രതികരിച്ച് പി ജെ കുര്യന്‍

By Web TeamFirst Published Apr 18, 2019, 6:29 PM IST
Highlights

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ടെന്നും അവരോടൊന്നും പരാതിയില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ ചില പിഴവുകള്‍ വന്നതോടെ മുന്‍ രാജ്യസഭ ഉപാധ്യക്ഷനായ പി ജെ കുര്യനെ കളിയാക്കി ഒരുപാട് പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം എത്തിയത്. മൈക്കിന് ശബ്ദമില്ലാത്തതും, പരിഭാഷയിലെ കൃത്യത ലഭിക്കാത്തതെയും പത്തനംതിട്ടയില്‍ ആകെ വലഞ്ഞ അവസ്ഥയിലായിരുന്നു പി ജെ കുര്യന്‍.

താന്‍ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുലും പറഞ്ഞതോടെ മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി.ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറ‍ഞ്ഞത് ആവര്‍ത്തിക്കേണ്ടി വന്നു.

അതില്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന്‍ തന്‍റെ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.  ഇതോടെ കുര്യനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ആരംഭിച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി ജെ കുര്യന്‍.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുന്നുണ്ടെന്നും അവരോടൊന്നും പരാതിയില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും  എന്ന ചോദ്യമാണ് കുര്യന്‍ ഉന്നയിക്കുന്നത്.

താന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുലിന്‍റെയും സോണിയ ഗാന്ധിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് മൻമോഹൻ സിങ്ങിന്റെ പ്രസംഗവും മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. താന്‍ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി നിർബന്ധിച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നു. എഐസിസി നിരീക്ഷകനും ഡിസിസി പ്രസിഡന്റും ഇതേ നിലപാട് എടുത്തുവെന്നും കുര്യന്‍ പറഞ്ഞു. 

പി ജെ കുര്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പരിഭാഷയിലെ പാകപ്പിഴ

രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

"സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് " ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്‌ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.

click me!