വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടെന്ന് മുരളീധരൻ: താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് പത്മജ

By Web TeamFirst Published Sep 22, 2019, 3:10 PM IST
Highlights

പത്മജ വന്നാൽ കുടുംബാധിപത്യം എന്ന ആക്ഷേപം ഉയരുമെന്ന് കെ മുരളീധരൻ. ഈ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ലെന്നും കുടുംബാധിപത്യം ഇക്കാലത്ത് വലിയ കാര്യമല്ലെന്നും പത്മജ. 

തിരുവനന്തപുരം/തൃശ്ശൂർ: താന്‍ എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. അങ്ങനെ വന്നാൽ കുടുംബാധിപത്യമെന്ന ആരോപണം വരും. എന്നാൽ താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും കെ മുരളീധരന്‍റെ പ്രസ്താവന എന്തുകൊണ്ടാണിങ്ങനെ എന്ന് മനസ്സിലായില്ലെന്നും പത്മജ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

''എന്‍റെ പേര് ടിവിയിൽ കേട്ടു എന്നല്ലാതെ എന്നോടാരും വട്ടിയൂർക്കാവിൽ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാൻ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളർന്നത് എന്നതുകൊണ്ട്, അവിടത്തെ പ്രവർത്തകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. 

പേര് വന്നതിൽ സന്തോഷം. പക്ഷേ, ആരും ഇതുവരെ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടേയില്ല'', പത്മജ പറഞ്ഞു.

വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്നറിയില്ലെന്നാണ് പത്മജ പറയുന്നത്. ''അത് മുരളിയേട്ടനോട് തന്നെ ചോദിക്കണം, എന്തുകൊണ്ടാ ഇങ്ങനെ പറഞ്ഞതെന്ന്'', എന്ന് പത്മജ പറയുന്നു. 

''സമാധാനത്തോടെ എന്‍റെ പ്രവർത്തനമണ്ഡലമായ തൃശ്ശൂരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. പക്ഷേ, വട്ടിയൂർക്കാവിലാണ് ഞാൻ ജീവിച്ചതും, തിരുവനന്തപുരത്താണ് പഠിച്ചതും. അവിടെയുള്ളവരെയെല്ലാം എനിക്ക് നന്നായി അറിയാം. കുടുംബാധിപത്യം എന്ന് മുരളിയേട്ടൻ പറഞ്ഞതെന്ത് അടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസ്സിലായില്ല. അതൊന്നും ഇന്നത്തെ കാലത്ത് വലിയ കാര്യമൊന്നുമല്ല. അതുകൊണ്ടൊന്നുമല്ല. ഞാൻ വേറെ ഒരു വ്യക്തിയാണ്. എനിക്ക് എന്‍റേതായ വ്യക്തിത്വമുണ്ട്'', എന്ന് പദ്മജ.  

എനിക്ക് തീരെ അറിയാത്ത കാര്യമാണ്. വെറുതെ എന്‍റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. നമുക്ക് മനഃസ്സമാധാനമാണല്ലോ വലുത് - പദ്മജ പറയുന്നു. 

'വട്ടിയൂർക്കാവിന് നോമിനിയില്ല, കുടുംബവാഴ്ച വേണ്ട'

താന്‍ ഒഴിഞ്ഞ ഉടനെ തന്‍റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് കെ മുരളീധരൻ പറയുന്നത്. തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.  

അതേസമയം അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനെ മുരളീധരന്‍ പിന്തുണച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്. അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നിലവില്‍ എല്‍ഡിഎഫിന്‍റെ കൈയിലുള്ള അരൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മ‍ഞ്ചേശ്വരത്ത് ലീഗും മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരിക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് ഇതുവരെ മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും മത്സരിക്കണം. 

വട്ടിയൂര്‍ക്കാവില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആണെന്ന മുന്‍പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് വട്ടിയൂര്‍ക്കാവില്‍ ബിജെപി ഒരു ഘടകമേ അല്ല എന്നൊന്നും താന്‍ പറയില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ ഈ പ്രാവശ്യം ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ നേട്ടമുണ്ടാക്കാനാവില്ല.

പതിനഞ്ച് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ രാജഗോപാലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കുമ്മനം രാജശേഖരന്‍റെ ശ്രമമെന്നും മുരളീധരന്‍ പരിഹസിച്ചു. മഞ്ചേശ്വരത്ത് ഇത്രയും കാലം ജന പ്രതിനിധി ഇല്ലാതെ പോയതിന്‍റെ ഉത്തരവാദിത്വം ബിജെപിക്കാണ്. അതിനാൽ തന്നെ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. 

click me!