കെ സുരേന്ദ്രനും കളത്തിലിറങ്ങി; പത്തനംതിട്ട കൈവിടില്ലെന്ന് ഉറപ്പിച്ച് മൂന്ന് മുന്നണികളും

By Web TeamFirst Published Mar 25, 2019, 6:26 AM IST
Highlights

കെ സുരേന്ദ്രനും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. ആരൊക്കെ വന്നാലും മണ്ഡലം നിലനിർത്തുമെന്ന് ആന്‍റോ ആന്‍റണി പറയുമ്പോൾ വിജയം എൽഡിഎഫിനായിരിക്കുമെന്ന് വീണാ ജോർജും.

പത്തനംതിട്ട: ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ടയിലെ മത്സരം ഇക്കുറി ദേശീയ ശ്രദ്ധ ആകർഷിക്കുന്നതാണ്. നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. ആരൊക്കെ വന്നാലും മണ്ഡലം നിലനിർത്തുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി പറയുമ്പോൾ വിജയം എൽഡിഎഫിനായിരിക്കുമെന്നാണ് സ്ഥാനാർത്ഥി വീണാ ജോർജ് വ്യക്തമാക്കുന്നത്.


മുമ്പൊരിക്കലും ഇല്ലാത്ത ആശയകുഴപ്പത്തിനൊടുവിലായിരുന്നു ബിജെപി വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നു പത്തനംതിട്ടയിൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയായത്. വന്നത് ജയിക്കാനാണെന്ന് പറഞ്ഞ് സുരേന്ദ്രൻ പ്രവർത്തകർക്ക് കൂടുതൽ ആവേശം നൽകി. പത്തനംതിട്ടയിൽ പരാജയപ്പെട്ടാൽ തോൽക്കുന്നത് ഒരു ജനതയാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രനല്ല, ബിജെപിയുടെ ദേശീയ നേതാക്കൾ വന്നാൽ പോലും പത്തനംതിട്ട യുഡിഎഫിനെ കൈവിടില്ലെന്നാണ് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ആന്‍റോ ആന്‍റണി പറയുന്നത്. ആറന്മുള എംഎൽഎയെ നേരത്തെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരമുണ്ടായാലും പ്രശ്നമില്ലെന്ന ആത്മവിശ്വാസത്തിലാണ് വീണാ ജോർജ്.

ബിജെപിയുടെ മുഴുവൻ പ്രതീക്ഷയും ശബരിമലയിലാണ്. ശബരിമല സമരം നയിച്ച് ഒരു മാസത്തോളം ജയിലിൽ കിടന്ന സുരേന്ദ്രനിൽ നിന്ന് ജയമല്ലാതെ മറ്റൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല. ശബരിമല തന്നെ പ്രതീക്ഷയായി വയ്ക്കുന്ന യുഡിഎഫ് എന്നും ഒപ്പമുള്ള ക്രിസ്ത്യൻ വോട്ട് ബാങ്ക് കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ, വീണാ ജോർജിലൂടെ ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകാമെന്നാണ് ഇടത് പ്രതീക്ഷ. മറ്റ് വിഷയങ്ങൾക്ക് അപ്പുറം വിശ്വാസികൾ ആരെ തുണക്കും എന്നതായിരിക്കും വിധി നിർണയിക്കുന്ന പ്രധാന ഘടകം.

click me!