ദില്ലിയിൽ ആം ആദ്മി - കോൺഗ്രസ് സഖ്യം വരുമോ? പി സി ചാക്കോയും ഷീലാ ദീക്ഷിതും തമ്മിൽ തർക്കം

By Web TeamFirst Published Mar 19, 2019, 11:57 AM IST
Highlights

പുൽവാമയ്ക്ക് ശേഷം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയെ തോൽപിക്കാൻ ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം അത്യാവശ്യമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഉടക്ക് ഷീലാ ദീക്ഷിതിനാണ്. 

ദില്ലി: ആം ആദ്മി പാർട്ടിയുമായി ദില്ലിയിൽ സഖ്യം വേണോ എന്നതുമായി ബന്ധപ്പെട്ട് ദില്ലി കോൺഗ്രസിൽ തമ്മിലടി മൂക്കുന്നു. സഖ്യം വേണമെന്ന ഉറച്ച ആവശ്യം മുന്നോട്ടു വയ്ക്കുന്നവരിൽ മുൻ നിരയിലുള്ളത് ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോയാണ്. എന്നാൽ ആം ആദ്മി പാർട്ടിയോട് വൻ ഭൂരിപക്ഷത്തിൽ തോറ്റ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഇതിനോട് കടുത്ത എതിർപ്പാണ്. 

ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി  സഖ്യസാധ്യതകൾ ആലോചിക്കുന്നുണ്ടെന്ന് പിസി ചാക്കോ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപിയെ തോൽപ്പിക്കാൻ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണമെന്ന് എന്ന് ഒരു വിഭാഗം നേതാക്കൾക്ക് ആഗ്രഹമുണ്ടെന്ന് പി സി ചാക്കോ പറയുന്നു. ഇക്കാര്യങ്ങൾ ഒരു ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയെന്നും പിസി ചാക്കോ വ്യക്തമാക്കി.

PC Chacko, Congress: Our president Rahul Gandhi will take decision in few days time, & the policy of our party as decided by working committee is to go for alliance with the parties who are opposed to BJP. I hope Delhi leaders will also follow this policy decision of the Congress https://t.co/HeOZiG5llf

— ANI (@ANI)

'എല്ലാ തീരുമാനവും രാഹുൽ ഗാന്ധിയുടേതാകുമെന്നും പി സി ചാക്കോ പറയുന്നു. പാർട്ടി നയമനുസരിച്ചാകും അന്തിമ തീരുമാനം. ബിജെപിയെ തോൽപിക്കുക എന്നതാകണം അന്തിമലക്ഷ്യം. അതിനായി എന്തെല്ലാം നടപടികൾ വേണമെന്നാണ് പാർട്ടി ആലോചിക്കുന്നത്. അന്തിമതീരുമാനം ദില്ലി ഘടകത്തിലെ നേതാക്കൾ അനുസരിക്കുമെന്നാണ് കരുതുന്നത്.', പി സി ചാക്കോ പറഞ്ഞു.

എന്നാൽ ഈ നീക്കത്തിന് തടയിടാൻ ദില്ലി പിസിസി അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിതും മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാരും രാഹുൽ ഗാന്ധിക്ക് മറു കത്തെഴുതിക്കഴിഞ്ഞു. ഒരു കാലത്ത് ശക്തിയുക്തം എതിർത്ത ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാകുമെന്നാണ് ഷീലാ ദീക്ഷിത് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സഖ്യം വേണോ എന്ന കാര്യം പാർട്ടിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി അഭിപ്രായ സർവേ നടത്തി തീരുമാനിക്കുന്നത് അനുചിതമാകുമെന്നും ദീക്ഷിത് പറയുന്നു. ഒരു സർവേ നടത്തി തീരുമാനിക്കാവുന്ന കാര്യമല്ല ഇത്. ഇതിനെതിരെ പ്രവർത്തർക്കിടയിൽ തീർച്ചയായും വികാരമുണ്ടാകും. - ഷീലാ ദീക്ഷിത് ചൂണ്ടിക്കാട്ടുന്നു. 

എഐസിസി ട്രഷററായ അഹമ്മദ് പട്ടേലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സെക്രട്ടറി സഞ്ജയ് സിംഗുമായുള്ള ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. ബദ്ധവൈരികളായ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞ് തീർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. 

click me!