'എല്ലാം മറന്ന്' ചാഴിക്കാടന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സജീവമായി പിജെ ജോസഫ്

By Web TeamFirst Published Mar 22, 2019, 7:22 AM IST
Highlights

അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് പിജെ ജോസഫ് തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനെത്തി. സ്ഥാനാർത്ഥിക്ക് വിജയയാശംസ നേർന്നാണ് ജോസഫ് മടങ്ങിയത്. 

കോട്ടയം: അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് പിജെ ജോസഫ് തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനെത്തി. സ്ഥാനാർത്ഥിക്ക് വിജയയാശംസ നേർന്നാണ് ജോസഫ് മടങ്ങിയത്. സ്ഥനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പിജെ ജോസഫ് ഒടുവിൽ പൂ‍ർണമായും പാർട്ടിക്ക് കീഴടങ്ങി. 

കോട്ടയത്ത് നടന്ന യുഡിഎഫ് കൺവെൻഷനിൽ സ്ഥനാർത്ഥി തോമസ് ചാഴിക്കാടൻ എത്തും മുൻപേ പിജെ ജോസഫ് എത്തി. മോൻസ് ജോസഫിനൊപ്പമെത്തിയ പിജെയെ ജോസ് കെ. മാണി ഉൾപ്പടെയുള്ളവരാണ് സ്വീകരിച്ചത്. വലിയ കരഘോഷത്തോടയാണ് പി ജെ ജോസഫിനെ വേദിയിലേക്ക് സ്വീകരിച്ചത്. 

സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെത്തിയപ്പോൾ ആശ്ലേഷിച്ച് പിന്തുണ അറിയിച്ചു. യുഡിഎഫ് എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടുമെന്ന പറഞ്ഞ പിജെ ജോസഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജോസ് കെ. മാണിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് പരാമർശിച്ചില്ല.

എംപി എന്ന നിലയിൽ ജോസ് കെ മാണി ചെയ്ത പ്രവർത്തനങ്ങൾ മറ്റെല്ലാവരും ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യത്തെക്കുറിച്ചും പിജെ ജോസഫ് ഒന്നും പറയാത്തും ശ്രദ്ധേയമായി. ഏതായാലും തോമസ് ചാഴിക്കാടന്റ വിജയത്തിനായി മണ്ഡലത്തിൽ പൂർണ്ണമായും ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ജോസഫ് മടങ്ങിയത്.

click me!