സസ്പെൻസായി പത്തനംതിട്ട; ആശങ്കയിൽ പാർട്ടി, ഒഴിഞ്ഞുമാറി പിള്ള, മിണ്ടാതെ സുരേന്ദ്രൻ

By Web TeamFirst Published Mar 21, 2019, 11:35 PM IST
Highlights

ശ്രീധരൻപിള്ളയെ വെട്ടി സുരേന്ദ്രൻ ഉറപ്പിച്ചെന്ന സൂചന കിട്ടിയിട്ടും പത്തനംതിട്ട മാത്രം പ്രഖ്യാപിക്കാതെ പോയതാണ് സംസ്ഥാന നേതൃത്വത്തിന് ആകാംക്ഷ കൂട്ടുന്നത്

തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിൽ കടുത്ത ആശങ്കയിലാണ് സംസ്ഥാന ബിജെപി. എന്താണ് കാരണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് സംസ്ഥാന പ്രസിഡണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന കെ സുരേന്ദ്രൻ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

പത്തനംതിട്ടയിൽ എന്താണ് നടക്കുന്നത്? ഈ ചോദ്യം മാത്രമാണ് ബിജെപി നേതാക്കൾക്കും അണികൾക്കുമുള്ളത്. ശ്രീധരൻപിള്ളയെ വെട്ടി സുരേന്ദ്രൻ ഉറപ്പിച്ചെന്ന സൂചന കിട്ടിയിട്ടും പത്തനംതിട്ട മാത്രം പ്രഖ്യാപിക്കാതെ പോയതാണ് സംസ്ഥാന നേതൃത്വത്തിന് ആകാംക്ഷ കൂട്ടുന്നത്.

അവസാന ഘട്ടം ഒഴിവാക്കിയതിൽ ദേശീയനേതൃത്വത്തെ ശ്രീധരൻപിള്ള അതൃപ്തി അറിയിച്ചിരുന്നു. പിള്ളയുടെ പരാതി വന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയുണ്ടാകുമോ, സുരേന്ദ്രനെ മാറ്റുമോ അതോ രണ്ട് പേർക്കുമപ്പുറം മറ്റാരെങ്കിലും വരുമോ പലതരം അഭ്യൂഹങ്ങൾ ഈ സാഹചര്യത്തില്‍ ഉയരുന്നുമുണ്ട്. 

എന്നാൽ അവസാനം തീരുമാനിച്ചതിനാൽ നടപടി ക്രമം തീരാനുള്ള സ്വാഭാവിക താമസമാണെന്നും സുരേന്ദ്രനെ വൈകാതെ പ്രഖ്യാപിക്കുമെന്നും പാർട്ടിയിലെ ചില ഉന്നതനേതാക്കൾ വിശദീകരിക്കുന്നുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ ഉണ്ടായിരുന്ന കെ സുരേന്ദ്രൻ പ്രഖ്യാപനം വരാത്തതോടെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. 

click me!