കേരളത്തിന്‍റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും കുടുംബവും: രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

By Shyjil K KFirst Published May 24, 2019, 6:02 PM IST
Highlights

കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ആലത്തൂരിൽ ഇത്തവണ 158968 വോട്ടിന്‍റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ രമ്യാ ഹരിദാസ് അട്ടിമറിച്ചത്. 

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരിൽ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.  ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്‍റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്.

"കേരളത്തിന്‍റെ അഭിമാനം. ആലത്തൂരിന്‍റെ പാർലമെന്‍റ് പ്രതിനിധി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്‍റെ ഉടമ. കേരളത്തിന്‍റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്‍റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്." ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുഞ്ഞാലിക്കുട്ടി കുറിച്ചു.

കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന ആലത്തൂരിൽ ഇത്തവണ 158968 വോട്ടിന്‍റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ രമ്യാ ഹരിദാസ് അട്ടിമറിച്ചത്. 

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പി കെ കുഞ്ഞാലിക്കുട്ടിയെയും രമ്യാ ഹരിദാസിനെയും ചേർത്തുകൊണ്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.

"സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല..." ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.

വാക്കുകൾ വലിയ വിവാദമാകുകയും എ വിജയരാഘവന്‍റെ അശ്ലീല പരാമർശത്തിനെതിരെ രമ്യാ ഹരിദാസ് നിയമനടപടികളിൽ കൊക്കൊള്ളുകയും ചെയ്തിരുന്നു.  

click me!