തീവ്രവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം തേടണോ?: പ്രധാനമന്ത്രി

By Web TeamFirst Published May 12, 2019, 2:59 PM IST
Highlights

ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഖ്നൗ: തീവ്രവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങണമോ എന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ സൈന്യത്തിന് ആവില്ലെന്നും മോദി പറഞ്ഞു. 

'തീവ്രവാദികളുടെ തോക്കിനും ബോംബിനും ഇടയിൽ നമ്മുടെ സൈന്യം നിൽക്കുകയാണ്. അപ്പോൾ എന്റെ സൈന്യം അവരെ വെടിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി പോകണോ? ഞാൻ കാശ്മീരിൽ എത്തിയ ശേഷം ഓരോ രണ്ടോ മൂന്നോ ദിവസം കുടുമ്പോഴും അവിടെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അതെന്റെ ശുചീകരണ ഓപ്പറേഷനാണ്'- എന്നായിരുന്നു തീവ്രവാദികളെ കൊലപ്പെടുത്തിയതിനെ പറ്റി മോദി പറഞ്ഞത്.

കഴിഞ്ഞ ആഴ്ച കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദേശീയ സുരക്ഷയും പാകിസ്ഥാൻ വിരുദ്ധതയും  ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടുന്നതെന്നുള്ള ആരോപണങ്ങൾ വിവിധമേഖലയിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. നേരത്തെ ഇന്ത്യന്‍ സൈന്യത്തെ 'മോദിയുടെ സേന' എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
 

click me!