Latest Videos

സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയെ അം​ഗീകരിക്കുന്നില്ല; മമതക്ക് ഇഷ്ടം പാക് പ്രധാനമന്ത്രിയെ; നരേന്ദ്രമോദി

By Web TeamFirst Published May 9, 2019, 3:45 PM IST
Highlights

ബിജെപിയുടെ റാലി തടസ്സപ്പെടുത്തുന്നതിനായി തൃണമൂല്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പക്ഷേ ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കിൽ ഇവിടെ വരുന്നതില്‍ നിന്നും തന്നെ ആര്‍ക്കും തടയാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയെ അം​ഗീകരിക്കാത്ത മമത പാകിസ്ഥാൻ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി കാണുന്നതിൽ അഭിമാനിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ബംഗാളിലെ ബങ്കുരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

' മമത ദീദി നമ്മുടെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയാറല്ലെന്ന് അവര്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. അതേസമയം പാക് പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി കാണുന്നതിൽ  അവർ അഭിമാനിക്കുന്നു'- മോദി പറഞ്ഞു. ബിജെപിയുടെ റാലി തടസ്സപ്പെടുത്തുന്നതിനായി തൃണമൂല്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പക്ഷേ ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കിൽ ഇവിടെ വരുന്നതില്‍ നിന്നും തന്നെ ആര്‍ക്കും തടയാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പശ്ചിമ ബം​ഗാളിലെ മമത നശിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്വന്തം താത്പര്യങ്ങൾക്കും അധികാരം നിലനിർത്തുന്നതിലുമാണ് മമതയുടെ ശ്രദ്ധയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഫോനി ചുഴലിക്കാറ്റ് സമയത്ത് മമതയെ താൻ വിളിച്ചുവെന്നും എന്നാൽ ഫോണെടുക്കാൻ മമത തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

മോദിയുമായി ഫോനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതിരുന്നത് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാത്തതിനാലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. രാജ്യത്ത് പുതിയ പ്രധാനമന്ത്രി വരുമ്പോള്‍ അവരുമായി താന്‍ ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞിരുന്നു.

‘മോദിയെ ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ല. അതിനാലാണ് ഞാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാതിരുന്നത്. അയാളുമായി ഒരേ വേദി പങ്കു വെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചോളാം. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിന്റെ സഹായം ഞങ്ങള്‍ക്ക് വേണ്ട’- എന്നായിരുന്നു മമത പറഞ്ഞത്. മമത ബാനര്‍ജി ചുഴലിക്കാറ്റിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് മോദി ആരോപിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ മറുപടി.
 

click me!